ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിൻ ദുരന്തത്തിന് കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന വിവരം ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രാക്കുകൾ നന്നാക്കി മീററ്റ് പാതിയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങൾ തുടരുകയാണ്.

അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയതാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം. ട്രാക്കുകളിൽ പണി നടക്കുന്ന വിവരം ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ലോക്കോ പൈലറ്റും ഇതിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അപകട മുന്നറിയിപ്പും നൽകിയില്ല. അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിൻ നിര്‍ത്താൻ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രാഥമിക വിവരം. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ പരമാവധി 15 കിലോമീറ്റര്‍ വേഗത്തിൽ പോകേണ്ടിയിരുന്ന ട്രെയിൻ കടന്നുപോയത് 106 കിലോ മീറ്റര്‍ വേഗതയിലാണ്. ഇതാകാം അപകട കാരണമെന്നാണ് റെയിൽവേയുടെ നിമനം. അപകട കാരണത്തെക്കുറിച്ച് റെയിൽവേയുടെ അന്വേഷണം തുടരുകയാണ്. അട്ടിമറി സാധ്യത ഉൾപ്പെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശായാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയില്ല. ബോഗികൾ ട്രാക്കിൽ നിന്ന് മാറ്റുന്നതും ട്രാക്ക് നന്നാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മീററ്റ് പാതയിലൂടെയുള്ള ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. വൈകീട്ട് ആറു വരെ ഗതാഗത ക്രമീകരണം തുടരും.ഉത്തര്‍പ്രദേശിലെ പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസ് മുസഫര്‍നഗറിൽ പാളം തെറ്റിമറിഞ്ഞ് 23 പേരാണ് ഇന്നലെ മരിച്ചത്.