മസ്കറ്റ്: ഒമാനില്‍ വ്യോമയാനമേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ ഉണ്ടെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് അല്‍ഫുതൈസി. നിര്‍മാണം പൂര്‍ത്തിയാകുന്ന മസ്കറ്റ് വിമാനത്താവളത്തിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷ അവസാനത്തോട് കൂടി നടക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം പൂര്‍ത്തിയായ പദ്ധതികളെ കുറിച്ചും ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളെ കുറിച്ചും വിശദീകരിക്കാനാണ് ഒമാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് അല്‍ഫുതൈസി വാര്‍ത്താസമ്മേളനം നടത്തിയത്. നിലവില്‍ മസ്കറ്റ് വിമാന താവളത്തിന്റെ പ്രവര്‍ത്തന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നും ഫുതൈസി പറഞ്ഞു.
വ്യോമയാനമേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് രാജ്യത്തു നിക്ഷേപ അവസരങ്ങള്‍ ഉണ്ടാകും. സ്വകാര്യ വിമാന കമ്പനികളായ സലാല എയര്‍, ശര്‍ഖിയ എയര്‍ലൈന്‍സ് എന്നിവക്കുപുറമെ സൊഹാര്‍ ഏവിയേഷന്‍ കോളജിന്റെ ലൈസന്‍സിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2040 ഓടെ ചരക്കുഗതാഗത രംഗത്ത് ലോകത്തിലെ ആദ്യ 10 രാഷ്‌ട്രങ്ങളുടെ നിരയില്‍ രാജ്യത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അഹ്മദ് അല്‍ഫുതൈസി പറഞ്ഞു.
പുതിയ മസ്കറ്റ് വിമാനത്താവള ടെര്‍മിനലിന് പുറമെ, ബാത്തിന എക്‌സ്‌പ്രസ്സ് ഹൈവേയും ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. 37 റോഡ് നിര്‍മാണ പദ്ധതികളിലായി 1121 കിലോമീറ്റര്‍ റോഡാണ് ഗതാഗത്തിന് തുറന്നു കൊടുക്കുന്നതെന്നും മന്ത്രി ഫുതൈസി വ്യക്തമാക്കി.
