സ്വദേശികളിൽ നിന്നും ലഭിച്ച പരാതിയിലാണ് നടപടി
മസ്കറ്റ്: മസ്കറ്റില്‍ നിയമ വിരുദ്ധമായി താമസിക്കുന്ന ബാച്ചിലേഴ്‌സിനെ ഫ്ലാറ്റുകളില്‍ നിന്നും വില്ലകളിലും നിന്ന് മസ്‌ക്കറ് നഗരസഭ ഒഴിപ്പിച്ചു തുടങ്ങി. ഈ പ്രദേശങ്ങളിൽ കുടുംബമായി താമസിക്കുന്നവരുടെ പരാതിയിൽമേലാണ് നഗര സഭയുടെ നടപടി .പരിശോധന തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. അൽ ഖുവൈറിലും പരിസര പ്രദേശങ്ങളിലും മസ്കറ്റ് നഗരസഭ നടത്തിയ പരിശോധനയിൽ അനുവാദമില്ലതെ താമസിച്ചു വരുന്ന നിരവധി ബാച്ചിലേഴ്സിനെ അധികൃതർ ഒഴിപ്പിച്ചു.
കുടുംബങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഈ പ്രദേശങ്ങളിലെ സ്വദേശികളിൽ നിന്നും ലഭിച്ച പരാതിയിലാണ് പരിശോധന നടന്നത്. നഗര സഭയുടെ മുൻകൂർ അനുവാദമില്ലാതെ ബാച്ചിലേഴ്സിന് താമസ സ്ഥലങ്ങൾ വാടകക്ക് നൽകുന്നത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് .
ബാച്ചിലേഴ്സ് കൂട്ടമായി താമസിക്കുന്നത് മൂലം കുടുംബമായി താമസിച്ചു വരുന്നവർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെങ്കിൽ നഗര സഭയിൽ നേരിട്ടു പരാതിപെടാം, അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. വാടക കരാർ രജിസ്റ്റർ ചെയ്യാതെ കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതും നഗരസഭ നിരോധിച്ചിട്ടുണ്ട്. ബോഷർ, മ്ബെല, അമിറാത് എന്നിവടങ്ങളിൽ ബാച്ചിലേഴ്സിന് താമസത്തിനായി പുതിയ കെട്ടിട സമുച്ഛയങ്ങൾ പണിയുന്ന പദ്ധതികളും പുരോഗമിച്ചു വരുന്നു.
