തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് മസ്കറ്റ് നഗരത്തിലെ വാണിജ്യമേഖലകളില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുവാന്‍ പദ്ധതിയിടുന്നത്. വാണിജ്യ സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുക. 10,000ത്തില്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങും.

മത്ര, റൂവി, ഖുറം,സീബ്, സി.ബി.ഡി തുടങ്ങിയ പ്രധാന വാണിജ്യ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വളരെ ബുദ്ധിമുട്ടാണ് ഇപ്പോള്‍ നേരിടുന്നത്. ഇതുമൂലം ഈ സ്ഥങ്ങളിലേക്കു കൂടുതല്‍ പൊതുജനങ്ങള്‍ കടന്നു വരാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളാണ് ഏക പരിഹാരമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പെയ്ഡ് പാര്‍ക്കിങ്ങിന് ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനാണ് നഗരസഭയുടെ നീക്കം. 50 കാറുകള്‍ മാത്രം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു 300 മുതല്‍ 400 വരെ വാഹനങ്ങള്‍ക്ക് ഇതുമൂലം ഒരുമിച്ച് പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മസ്കത്ത് നഗരത്തിന്റെ വിവിധയിടങ്ങളിലായി ആയിരത്തിലേറെ പാര്‍ക്കിങ് കേന്ദ്രങ്ങളാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ളത്.