ഇസ്ലാമബാദ്: കാശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയ്ക്ക് നേരെ ലഷ്‌കര്‍ ഭീകരരെ ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കാശ്മീര്‍ താഴ് വരകളില്‍ ലഷ്‌കര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. പാക് ടെലിവിഷന്‍ ചാനല്‍ എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പാക്കിസ്ഥാനില്‍നിന്ന് വിട്ട് നില്‍ക്കുന്ന മുഷറഫ് ഇപ്പോള്‍ ദുബായിലാണ്. ലഷ്‌കര്‍ ഇ ത്വയിബയെയും സ്ഥാപകന്‍ ഹാഫിസ് സയ്ദിനെയും താന്‍ പിന്തുണച്ചിരുന്നു. അവരെ തനിക്ക് തന്നായി അറിയാം. ഇപ്പോഴും അവരെ പിന്തുണയ്ക്കുന്നുവെന്നും പാക് മുന്‍ പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണവുമായി ലെഷ്‌കറിന് ബന്ധമില്ലെന്നും മുഷറഫ് പറഞ്ഞു. താന്‍ അടുത്തകാലത്ത് ഹാഫിസ് സയ്ദുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഷ്‌റഫ് പറഞ്ഞു. 

ലഷ്‌കര്‍ ഇ ത്വയിബയെയും ഹാഫിസ് സയിദിനെയും ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഷറഫ്. കാശ്മീരിലെ ഏറ്റവും വലിയ ശക്തിയായിരുന്നു ലഷ്‌കര്‍. അമേരിക്ക അവരെ ഭീകരവാദ സംഘടനയായി മുദ്രകുത്തി. എന്നാല്‍ ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇന്ന് ഹാഫിസിനെ പിന്തുണയ്ക്കുന്ന മുഷ്‌റഫ്, 2002 ല്‍ പാക് പ്രസിഡന്റായിരിക്കെ ലഷ്‌കര്‍ ഇ ത്വയിബയെ രാജ്യത്ത് നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് അന്ന് തനിയ്ക്ക് ഹാഫിസ് സയ്ദിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ സംഘടന നിരോധിക്കില്ലായിരുന്നുവെന്നുമായിരുന്നു മറുപടി.