എറണാകുളം ജില്ലയില്‍ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ മുസ്ലീം ഏകോപന സമിതി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതി ഇന്നലെ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെതിരെ പൊലീസ് നടപടിയുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പൊതുവെ സമാധാനപരമായാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മതം മാറിയ വൈക്കം സ്വദേശിനിയുടെ വിവാഹം റദ്ദാക്കിയതിനെതിരെയാണ് മുസ്ലീം ഏകോപന സമിതി ഇന്നലെ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളെജിന് മുന്നില്‍ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ടിയര്‍ ഗ്യാസ് പൊട്ടിച്ചു. എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിന് വഴിവച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.