കോഴിക്കോട്: അപമാനിക്കാൻ ശ്രമിച്ചെന്ന വനിതാ നേതാവിന്റെ പരാതി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മുസ്ലീം ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി കെപിഎ സലീമിനെതിരെ പാർട്ടി നടപടി. കണ്ണൂർ ജില്ലയിലെ വനിതാ ലീഗ് നേതാവാണ് പരാതി പരസ്യമാക്കിയത്. പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം വിശദീകരിക്കുന്പോഴും വിവാദങ്ങളൊഴിവാക്കാൻ മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സലീമിനെ നീക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്.

മുസ്ലീം ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ കെപിഎ സലീം തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അപവാദങ്ങൾ പറഞ്ഞ് പരത്തി ഭർത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നുംമാണ് കത്തിന്‍റെ ഉള്ളടക്കം. മുസ്ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ പേരിലാണ് കത്തയിച്ചിരിക്കുന്നത്. എന്നാൽ ഇങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ലെന്നാണ് ലീഗ് വിശദീകരിക്കുന്നു. ആർക്കും കത്ത് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും വനിതാ നേതാവ് തന്നെ ജില്ലാ നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കൾ പറഞ്ഞു. 

എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിന്‍റെ അടിസ്ഥാനത്തിൽ വിവാദങ്ങളൊഴിവാക്കാനാണ് കെപിഎ സലീമിനെ തൽക്കാലത്തേക്ക് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നി‍ർത്തിയിരിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ മാറി നിൽക്കുകയാണെന്നാണ് സലീമിന്‍റെ വിശദീകരണം. വനിതാ നേതാവ് പിൻവലിഞ്ഞതോടെ വിഷയത്തിൽ പാർട്ടി അന്വേഷണത്തിനും നിയമ നടപടികൾക്കും തൽക്കാലം സാധ്യതയില്ല. വിഷയത്തിൽ വനിതാ നേതാവ് പ്രതികരിക്കാന്‍ തയ്യാറായില്ല.