കണ്ണൂര്‍: യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റായിരുന്ന മൂസാന്‍കുട്ടി നടുവിലും അമ്പലധികം ലീഗ് സിപിഎമ്മില്‍ ചേരുന്നു. മൂസാന്‍കുട്ടിയും അനുയായികളും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി പി ജയരാജനെ കണ്ടു. പാര്‍ട്ടിയിലെ അഴിമതി ചോദ്യം ചെയ്തതിന് മൂസാന്‍കുട്ടി നടുവിലിനെ ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിയിലുള്ള കാവുംപടി സിഎച്ച്എം സ്കൂളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചതിനാണ് മൂസാന്‍കുട്ടിയെ ലീഗ് പുറത്താക്കിയത്. പാര്‍ട്ടിയുടെ നടപടിയില്‍ ജില്ലയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു.ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ അന്വേഷണത്തില്‍ കാവുംപടി സ്കൂളില്‍ 2.10 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

പാര്‍ട്ടി കുറ്റക്കാരെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തത്. അഴിമതിക്കേസില്‍ ജയില്‍ പോയ പ്രവര്‍ത്തകരെ മാലയിട്ടു സ്വീകരിക്കുന്ന നയമാണ് ലീഗ് സ്വീകരിച്ചതെന്നാണ് മൂസാന്‍കുട്ടി നടുവിലിന്‍റെ ആരോപണം. മൂസാന്‍കുട്ടിയെ തിരിച്ചെടുക്കാന്‍ പ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ലീഗ് അതിന് മുതിര്‍ന്നില്ല.

ഞങ്ങള്‍ ഇന്നു സ്വീകരിച്ച നിലപാട് ഉള്‍ക്കൊള്ളാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകും. എന്നാല്‍ ലീഗിലെ സത്യാവസ്ഥകള്‍ മനസിലാക്കി വൈകാതെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിലേക്ക് വരേണ്ടിവരുമെന്ന് മൂസാന്‍കുട്ടി നടുവില്‍ പറഞ്ഞു.
സിപിഎമ്മില്‍ ചേരുന്ന പ്രവര്‍ത്തകര്‍ക്ക് 27ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സ്വീകരണം നല്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

സ്വീകരണ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. പാര്‍ട്ടിയില്‍ ചേരുന്ന പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക തലത്തിലും സിപിഎം സ്വീകരണം നല്കും.