ശരീരത്തില്‍ കത്തിയും കഠാരയും ഉപയോഗിച്ച് സ്വയം കുത്തി ചോര ഒഴുക്കുന്ന ആചാരമാണ് കുത്ത് റാത്തീബ്

സ്വയം മുറിവേല്‍പ്പിക്കുന്ന ആചാരമായ കുത്ത് റാത്തീബില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ഇത്തരം റാത്തീബ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ചില സംഘടനകള്‍ ആവശ്യപ്പെടുന്നത്. കുത്ത് റാത്തീബില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശരീരത്തില്‍ കത്തിയും കഠാരയും ഉപയോഗിച്ച് സ്വയം കുത്തി ചോര ഒഴുക്കുന്ന ആചാരമാണ് കുത്ത് റാത്തീബ്. ഇതില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ക്രൂരമാണെന്നും നടത്തിപ്പുകാര്‍ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കണമെന്നുമാണ് ചില മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നത്. മതത്തില്‍ കടന്ന് വന്ന അനാചാരമാണ് കുത്ത് റാത്തീബെന്ന് കേരള നദ്‍വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തി. കുത്ത് റാത്തീബ് കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.

കുത്ത്റാത്തിബില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന ക്രൂരതയ്ക്കെതിരെ നിയമ നിര്‍മ്മാണം കൊണ്ട് വരണമെന്നാണ് പല മുസ്ലീം സംഘടനകളുടേയും നിലപാട്. കുത്ത്റാത്തീബ് നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.