ദില്ലി: ഏകീകൃത സിവിൽ നിയമം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ഏകീകൃത സിവിൽ നിയമത്തെകുറിച്ച് പൊതുജന അഭിപ്രായം തേടി നിയമകമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചു. ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നിയമ കമ്മീഷൻ അധ്യക്ഷൻ ബി എസ് ചൗഹാൻ പ്രതികരിച്ചു.

ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമയി പൊതുജന അഭിപ്രായം തേടി നിയമകമ്മീഷൻ ചോദ്യാവലി പുറത്തിറക്കിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നിയമകമ്മീഷന്റെ 16 ചോദ്യങ്ങൾ പ്രത്യേക സമുദായത്തെ ലക്ഷ്യവച്ചുള്ളതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും ആണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വിമർശിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ‍ നടത്തുന്നത്. അമേരിക്കയിൽപോലും വിവിധ സംസ്ഥാനങ്ങളിൽ വെവ്വേറെ വ്യക്തിനിയമങ്ങളാണ് പിന്തുടരുന്നതെന്നും ഏകീകൃത സിവിൽ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം സംഘടനാ നേതാക്കൾ പറഞ്ഞു.

മുത്തലാഖിന്റെ പേരിൽ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നവർ ഹിന്ദു സമുദായത്തിലാണ് വിവാഹമോചനം കൂടുതലെന്ന കണക്കുകൾ വിസ്മരിക്കുകയാണെന്നും മുസ്ലിം സംഘടനാ നേതാക്കൾ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങൾപോലും നിയമങ്ങൾ മാറ്റിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയുടെ പ്രതികരണം.

ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കില്ലെന്നും നിയമകമ്മീഷൻ ചെയർമാൻ ബി എസ് ചൗഹാൻ പറഞ്ഞു. ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമെന്നും ചൗഹാൻ വ്യക്തമാക്കി.