മുത്തലാഖിനെ ന്യായീകരിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മുത്തലാഖിനെതിരെ നടക്കുന്ന വിമര്‍ശം മുസ്ലീം സമുദായത്തിനെതിരായ നീക്കമാണെന്ന് ബോര്‍ഡംഗം ഡോ.അസ്മ സെഹ്റ പറഞ്ഞു. തലാഖ് ചൊല്ലുന്നതിനെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ മൂന്ന് മാസമായി മാധ്യമങ്ങളിൽ സജീവമാണ്. ഇത് ഒരു അനാവശ്യവിവാദമാണെന്ന് അസ്മ സെഹ്റ പറഞ്ഞു.

മുസ്ലീം സമുാദയത്തിലെ 97 ശതമാനം വിവാഹ ബന്ധങ്ങളും വിജയകരമാണനെന്ന് അവകാശപ്പെട്ടാണ് അസ്മ സെഹ്റ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുസ്ലിം വ്യക്തിനിയമത്തിനുനേരെയുള്ള കടന്നാക്രമണത്തെ ചെറുക്കുമെന്നും വ്യക്തമാക്കി. മുത്തലാഖിനെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ എത്തിയ ബോര്‍ഡ് അംഗം തുടക്കം മുതല്‍ അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ബന്ധങ്ങള്‍ വഷളാകുമ്പോള്‍ അതില്‍ നിന്നുള്ള ആശ്വാസം നല്‍കലാണ് വിവാഹമോചനം എന്നു കൂടി അസ്മ സെഹ്റ പറഞ്ഞുവച്ചു.
ബഹുഭാര്യത്വത്തെയും ഡോ.അസ്മ സെഹ്റ ന്യായീകരിച്ചു. തെക്കേ ഇന്ത്യയിലെ ആദ്യ സിറ്റിംഗിനെത്തിയ ബോര്‍ഡംഗം, ഭര്‍ത്താവിനാലുപേക്ഷിക്കപ്പെട്ട അഫ്സാന എന്ന യുവതിയേയും കുഞ്ഞിനേയും കാണാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ശരിയത്ത് നിയമങ്ങള്‍ ലംഘിച്ച് മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അര്‍ഷാദിനെതിരെ അഫ്സാനയും കുഞ്ഞും അയാളുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഇവരെ സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച ബോര്‍ഡംഗം വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മുസ്ലിം വനിതാ സംഘടനാ നേതാക്കളെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.
