ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ ആരോപണ വിധേയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തുന്ന സാഹചര്യത്തിലും രാജ്യത്തിലെ ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്നാണ് സര്‍ക്കാരിനെതിരെയുള്ള പ്രധാന വിമര്‍ശനം.

രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന വിവിധ അക്രമസംഭവങ്ങളില്‍ ഭരണകൂടം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമല്‍ ഫറൂഖി പറഞ്ഞു. പ്രധാനമന്ത്രി വിവിധ മുസ്ലീം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ബന്ധം വളര്‍ത്തുന്നത് രാജ്യത്തിന് ഗുണകരമാകുമെങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ അദ്ദേഹത്തിനായില്ലെന്നും ഫറൂഖി വ്യക്തമാക്കി.

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സ്വന്തമാളുകളെ പോലും നിയന്ത്രിക്കാന്‍ മോദിക്കായില്ല. ദാദ്രി സംഭവത്തിലും മുസഫര്‍ നഗര്‍ കലാപത്തിലും ഇരയായവര്‍ക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചോദ്യത്തിന് ചിലര്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിയമത്തില്‍ വിശ്വാസമുണ്ടെന്നായിരുന്നു കമല്‍ ഫറൂഖിയുടെ മറുപടി.