കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. അച്ചേരി കെ.സി ബഷീര്‍,കൊല്ലിയില്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലത്തില്‍ ഇന്ന് സര്‍വ്വകക്ഷി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്റെ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്. ബൈക്കില്‍ വരികയായിരുന്ന നസിറുദ്ദീനെതിരെ ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസിറുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുസ്‌ലിം ലീഗ് പ്രാദേശിക യോഗത്തിനിടെ ഉണ്ടായ വാക്കേറ്റം പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയതിനെ ചൊല്ലി നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ബഷീറാണ് മൊബൈലില്‍ ലീഗ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇയാളുടെ ഫോണ്‍ നസീറുദ്ദീന്‍ അടക്കമുള്ള ലീഗ് പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങി നശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയത് ബഷീര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. വൈകീട്ട് ബൈക്കില്‍ വരുകയായിരുന്നു നസറുദ്ദീനെ ബഷീറും സുഹൃത്തും ആക്രമിക്കുകയായായിരുന്നെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.