രാവിലെയാണ് സംഭവം നടന്നതായി വിവരം ലഭിച്ചതെന്നും, തുടര്‍ന്ന് സംഭവസ്ഥലത്തെത്തി ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോഴും ഷാരൂഖിന് ജീവനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 

ബറേലി: പോത്തിനെ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഭോലാപൂര്‍ ഹിന്ദോളിയ സ്വദേശിയായ ഷാരൂഖ് ആണ് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്ന് കൊല്ലപ്പെട്ട ഷാരൂഖും സുഹൃത്തുക്കളും പോത്തിനെ മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഷാരൂഖ് ജനക്കൂട്ടത്തിന്റെ കയ്യിലകപ്പെടുകയായിരുന്നു. 

രാവിലെയാണ് സംഭവം നടന്നതായി വിവരം ലഭിച്ചതെന്നും, തുടര്‍ന്ന് സംഭവസ്ഥലത്തെത്തി ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോഴും ഷാരൂഖിന് ജീവനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരീകാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തില്‍ മുപ്പതോളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാലിമോഷണത്തിന്റെ പേരില്‍ ഷാരൂഖിന്റെ സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ദുബായില്‍ ഒരു എംബ്രോയിഡറി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഷാരൂഖ്. ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. ഷാരൂഖിന്റെ മരണത്തില്‍ നിയമനടപടികള്‍ ആവശ്യപ്പെട്ട് സഹോദരന്‍ ഫിറോസ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.