ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനെ എതിര്‍ക്കുന്ന മുസ്ലീംഗങ്ങള്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി‍. ബാബറി മസ്ജിദ് - രാമജന്മഭൂമി കേസ് സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കാനിരിക്കെയാണ് വിവാദ പ്രസ്താവനയുമായി വസീം റിസ്വി രംഗത്തെത്തിയത്. 

തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച്ച നടന്ന പ്രാര്‍ഥനയ്ക്ക് കഴിഞ്ഞ് രാമജന്മഭൂമി ക്ഷേത്ര പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് വസീം റിസ്‌വിയുടെ പ്രതികരണം. ആരൊക്കെയാണോ രാമ ക്ഷേത്രം പണിയുന്നതിനെ എതിര്‍ത്ത് അവിടെ ബാബറി മസ്ജിദ് പണിയാന്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകാം. അത്തരം ചിന്താഗതിക്കാരായ മുസ്ലീംഗള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും റിസ്വി പറഞ്ഞു.

പള്ളിയുടെ പേരില്‍ ആര്‍ക്കെല്ലാമാണോ ഇന്ത്യയില്‍ ഭീകരവാദം പടര്‍ത്തേണ്ടത് അവര്‍ ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കൊപ്പം ചോരുന്നതാണ് നല്ലതെന്നും റിസ്വി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ റിസ്വിയ്ക്കെതിരെ കേസെടുക്കണമെന്ന് ഷിയ പുരോഹികതന്മാര്‍ ആവശ്യപ്പെട്ടു. 

വഖഫിന്റെ സമ്പത്ത് കൈവശം വെയ്ക്കുകയും അനധികൃതമായി വില്‍ക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തിലെ അംഗമാണ് റിസ്വിയെന്നും ഈ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഷിയ ഉലമ കൗണ്‍സില്‍ മൗലാന ഇഫ്തിഖര്‍ ഹുസൈന്‍ ഇന്‍ഖ്വിലാബി ആരോപിച്ചു.