മുത്തലാഖ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഏകീകൃത സിവില്‍ക്കോഡുമായി ഈ വിഷയത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്ലാമിക രാഷ്‌ട്രങ്ങളായി സൗദി അറേബ്യ, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാന്‍ അടക്കം ഇരുപതോളം രാജ്യങ്ങളില്‍പ്പോലും മുത്തലാഖിന് നിയന്ത്രണമുണ്ടെന്നും മുത്തലാഖ് സ്‌ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. മുസ്ലീം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. മാസം അവസാനത്തോടെ നിയമമന്ത്രാലയം ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ വിശദമായ മറുപടി നല്‍കും. മുത്തലാഖ് സംബന്ധിച്ച് വിവിധ മുസ്ലീം വനിതാ സംഘടനകളും, മുത്തലാഖിന് വിധേയരായ സ്‌ത്രീകളും നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ച്ചകകം നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മാസം ആദ്യം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുത്തലാഖ് പോലെയുള്ള മതപരമായ വിഷയങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ ബോധിപ്പിച്ചത്. മുത്തലാഖ് വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്‍റ്റിലി, മനോഹര്‍ പരീക്കര്‍, മേനകാ ഗാന്ധി എന്നിവര്‍ യോഗം ചെര്‍ന്നിരുന്നു. ഏകീകൃത സിവില്‍ക്കോഡ് വിഷയത്തില്‍ നിയമമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് തര്‍ക്കമുള്ള വിഷയങ്ങളില്‍ സമവായമുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
