ദില്ലി: മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബില്ല് ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത്. ചരിത്ര ദിനമാണിതെന്നും ബില്ല് മുസ്ലിം സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതെന്നും ബില്ലവതരിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉള്ള ബില്ലാണ് അവതരിപ്പിച്ചത്.

മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും മുത്തലാഖ് ബില്ലിൽ മാറ്റം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത് ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകും. ജീവനാംശം നിർണയിക്കുന്നതിലും വ്യക്തത വേണമെന്ന് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

മൂന്ന് വർഷത്തെ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടു. അതേസമയം ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. അതേസമയം തന്നെ ബിജു ജനതാദളും അണ്ണാ ഡിഎംകെയും ബില്ലിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്ല് തയ്യാറാക്കിയത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നൽകുന്നതാണ് ബില്ല്. 

നിര്‍ദ്ദിഷ്ടബില്ല് പിൻവലിക്കണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഇത് തുടരുന്ന സാഹചര്യത്തിലാണ് ലിംഗസമത്വം ഉറപ്പാക്കാൻ മുത്തലാഖ് ക്രിമനൽക്കുറ്റമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.