സി.കെ.ജാനുവിന്റെ നിലപാടാണ് ആദിവാസി ഐക്യത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് ഗീതാനനന്ദന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആദിവാസികള്‍ ഒറ്റക്കെട്ടാണെന്ന് ഗോത്ര പൂജയ്‌ക്കെത്തിയ സി.കെ.ജാനു പറഞ്ഞു.

മുത്തങ്ങ സമരത്തിനു ശേഷം കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളിലും സി.കെ.ജാനുവും ഗീതാനന്ദനും ഒരുമിച്ചാണ് അനുസ്മരണ പരിപാടിക്കെത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ.ജാനു എന്‍ഡിഎ യുടെ ഭാഗമായതിനെ തുടര്‍ന്ന് ഇരുവരും അകന്നു.ഇതോടെ മുത്തങ്ങ അനുസ്മരണ പരിപാടിയും രണ്ടായി.

ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ആദ്യം ഗോത്ര പൂജയ്‌ക്കെത്തിയത്. രണ്ടാമതായി സി.കെ.ജാനുവിന്റെ നേതൃത്വത്തിലും ഗോത്ര പൂജ നടന്നു.നേതാക്കള്‍ രണ്ടു തട്ടിലാണെങ്കിലും ആദിവാസികള്‍ ഒറ്റക്കെട്ടാണെന്ന് സി.കെ.ജാനു പറഞ്ഞു. സംഘടനയില്‍ വിള്ളലുണ്ടായെങ്കിലും ആദിവാസി ഭൂ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇരു വിഭാഗങ്ങളും.