ഷിപ്പിംഗ് കോർപ്പറേഷൻ നിർദേശിച്ചാലേ മടങ്ങി വരാനാകൂ എന്ന് കപ്പൽ ക്യാപ്റ്റൻ നാവികസേനയെ അറിയിച്ചു.
കൊച്ചി: ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്ന് ബോട്ടില്‍ ഇടിച്ച കപ്പലിന്‍റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചു. ഇന്ത്യന്‍ കപ്പലായ എം.വി ദേശ് ശക്തി ആണ് ബോട്ടില്‍ ഇടിച്ചത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശ് ശക്തി. 2004 ലാണ് കപ്പല്‍ കോര്‍പ്പറേഷന്‍റെ ഭാഗമായത്
പയ്യന്നൂർ തീരത്തു നിന്ന് 25 നോട്ടിക്കൽ മൈൽ മാറി പുറംകടലിലാണ് കപ്പലിന്റെ നിലവിലെ സ്ഥാനം, തുടർ നടപടി തീരുമാനിക്കേണ്ടത് ഡിജി ഷിപ്പിംഗ് ആണ്. കപ്പൽ ഇപ്പോള്‍ ഇറാഖിലെ ബസ്റ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഷിപ്പിംഗ് കോർപ്പറേഷൻ നിർദേശിച്ചാലേ മടങ്ങി വരാനാകൂ എന്നും കപ്പൽ ക്യാപ്റ്റൻ നാവികസേനയെ അറിയിച്ചു.
മൂന്ന് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുനമ്പം തീരത്തുനിന്നും 24 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറു മറി പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പതിനാലു മത്സ്യ തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനുപോയ മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടിലാണ് കപ്പൽ ഇടിച്ചത്.
അപകടസമയത് ബോട്ടോടിച്ചത് കുളച്ചൽ സ്വദേശി എഡ്‌വിനായിരുന്നു. മരത്തടിയിൽ പിടിച്ചു തുഴഞ്ഞു നിന്നിരുന്ന എഡ്വിനെയും കൊൽക്കത്ത സ്വദേശി നരൻ സർക്കാരിനെയും രക്ഷപ്പെടുത്തി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവർ ഉറക്കത്തിലായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നും എഡ്വിന്‍ പൊലീസിന് മൊഴി നല്‍കി. കടലിൽ എണ്ണ പടരുന്നത് ശ്രദ്ധയിൽ പെട്ട മറ്റു ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
