മസ്കറ്റ്: ഒമാനിലെ പൊതുഗതാഗത കമ്പനി മുവാസലാത്ത് കൂടുതൽ സർവീസുകൾ തുടങ്ങുന്നു. ഇതിനായി 350 ബസ്സുകൾ കൂടി ഉടൻ നിരത്തിലിറക്കും. ഇതോടെ സ്വദേശികൾക്കും, വിദേശികൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾക്കുംസാധ്യതകൾ ഉണ്ടാകും. രാവിലെ ആറുമണിക്കാകും ആദ്യ സര്‍വീസ്.
20 മിനിറ്റ് ഇടവിട്ട്നടത്തുന്ന സര്‍വീസ് ആഴ്ചയില്‍ എല്ലാദിവസവും ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച മുവാസലാത്ത് ഇതിനകം മസ്കറ്റ് ഗവര്‍ണറേറ്റിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ജനപ്രിയമായി കഴിഞ്ഞു. ജൂലൈ അവസാനംവരെയുള്ള കണക്കനുസരിച്ച് 21 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് സര്‍വീസുകള്‍ ഉപയോഗിച്ചത്.
പത്തുലക്ഷത്തിലധികം പേരാണ് റൂവി-അല്‍മബേല റൂട്ടില്‍ യാത്ര ചെയ്തത്.

വിദേശികൾക്കൊപ്പം സ്വദേശികളും മുവാസലാത് ബസ്സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒമാന്റെ വിവിധഭാഗങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഉടൻ തന്നെ ആരംഭിക്കും. സർവീസുകൾ കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് 350 ബസ്സുകൾകൂടി നിരത്തിലറക്കാൻ അധികൃതരുടെ നീക്കം. കൂടുതൽ ബസ് സർവീസുകൾ നടത്തുന്നത് യാത്രക്കാർ വർധിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.