ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല താൻ ദളിതനാണെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ സുഹൃത്തുക്കൾ പുറത്തുവിട്ടു. കേന്ദ്രസർക്കാർ കമ്മീഷന്റെ റിപ്പോർട്ടിനുള്ള മറുപടിയായാണ് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച രോഹിതിന്റെ വീഡിയോ പുറത്ത് വിട്ടത്.

എന്റെ പേര് രോഹിത് വെമുല.. ഞാനൊരു ദളിതനാണെന്ന് പറഞ്ഞു തുടങ്ങുന്ന ഒരു മിനുറ്റ് 51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. ഞാൻ രോഹിത് വെമുല. ഗുണ്ടൂർ ജില്ലയിൽ നിന്നും വരുന്നു. ഞാൻ ദളിതനാണ്. എബിവിപിയുമായുള്ള എന്റെ തർക്കം നേരത്തെയുള്ളതാണ്. എനിക്കെതിരെ എബിവിപി കേസ് നൽകി എന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്നും രോഹിത് വെമുല പറയുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയമിച്ച ജസ്റ്റിസ് രൂപൻവാൾ കമ്മീഷൻ രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്രസർക്കാരിന് അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ വീഡിയോ പുറത്ത് വിട്ടത്. ബയോടെക്നോളജി പഠിക്കാനാണ് സർവ്വകലാശാലയിൽ വന്നതെന്നും സമൂഹത്തോടുള്ള പ്രതിബദ്ധത കാരണമാണ് സോഷൽ സയൻസിൽ തുടർപഠനം നടത്തിയതെന്നും ആത്മഹത്യ ചെയ്യുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ രോഹിത് പറയുന്നു. കഴിഞ്ഞ വർഷം ജനുവരി പതിനേഴിനാണ് ഹൈദരാബാദ് കേന്ദ്ര സ‍ർവ്വകലാശാല ഹോസ്റ്റൽ മുറിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തത്.