ഇത് ചത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ മെതാപാല്‍ ഗ്രാമത്തിലെ കുമ്മ പൊട്ടം എന്ന കര്‍ഷകന്റെ വാക്കുകള്‍. കഴിഞ്ഞ ആഴ്ച സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് അവകാശപ്പെട്ട സൊമാരു പൊട്ടം എന്ന 13 വയസ്സുകാരന്റെ പിതാവ്.  മാവോയിസ്റ്റ് എന്ന് മുദ്രകുത്തി തന്റെ മകനെ സൈന്യം പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് കുമ്മ പൊട്ടം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചത്തിസ്ഗഢ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് മകന് സംഭവിച്ചത് എന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. പരാതിയിലെ വിശദാംശങ്ങള്‍ ഹിന്ദു പത്രമാണ് പുറത്തുവിട്ടത്.

തന്നെയും ബന്ധുവായ സന്നു പൊട്ടം എന്നയാളെയും മറ്റൊരിടത്ത് തടവിലാക്കിയ ശേഷം സൊമാറുവിലെ സൈനിക താവളത്തിനടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയി മകനെ അരുംകൊല നടത്തുകയായിരുന്നുവെന്ന് കുമ്മ പറയുന്നു. കീഴടങ്ങിയ ശേഷം പൊലീസിനൊപ്പം പ്രവര്‍ത്തിക്കുന്ന സന്നു പുനം എന്ന മുന്‍ മാവോയിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു അരുംകൊല നടത്തിയതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. മുന്‍ മാവോയിസ്റ്റുകളായ മംഗള്‍, മനീഷ് എന്നീ അയല്‍ഗ്രാമ വാസികളാണ് ബയണറ്റ് കൊണ്ട് തന്റെ മകനെ കുത്തിമുറിവേല്‍പ്പിച്ചതെന്നും കൊലയ്ക്ക് സാക്ഷികളായ നാട്ടുകാരെ ഉദ്ധരിച്ച് പരാതിയില്‍ പറയുന്നു. പാണ്ഡേ, മാണ്ഡവി എന്നീ സൈനിക ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃതം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ സൊമാറുവിനെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് പ്രേത്യക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് കുമ്മ പൊട്ടം ആവശ്യപ്പെട്ടത്.