കോട്ടയം: സൗദി ബാലന്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കോട്ടയം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിനെതിര കുടുംബം. മകന്‍ മരിച്ചതല്ലെന്നും, കൊന്നതാണെന്നും മജീദിന്‍റെ പിതാവ് ഇബ്രാഹിം ആരോപിച്ചു. കുമരകത്തെ അവെയ്ദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സൗദി ബാലന്‍ മരിച്ചത്. നാലര വയസ്സ് കാരനായ മജീദ് ആദിന്‍ ഇബ്രാഹിമാണ് റിസോര്‍ട്ടുകാരുടെ ശ്രദ്ധക്കുറവ് കൊണ്ട് മരിച്ചത്.

റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ കളിച്ച് കൊണ്ടിരുന്ന മജീദ് പെട്ടന്ന് വീഴുകയായിരുന്നു. മജീദിനെ ഓടിച്ചെന്ന് താനെടുത്തെങ്കിലും മജീദ് അപ്പോഴേക്കും മരിച്ചിരുന്നെന്ന് പോലീസിനോട് ഇബ്രാഹിം പറഞ്ഞു. റിസോര്‍ട്ടില്‍ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തത് ചൂണ്ടിക്കാണിച്ച ഇബ്രാഹിം മകന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം റിസോര്‍ട്ട് അധികൃതര്‍ ഏറ്റെടുക്കണമെന്നും പറഞ്ഞു.