ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് അയ്യപ്പദര്‍ശനത്തിനായി പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തിയത്.
കോഴിക്കോട്: ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് അയ്യപ്പദര്‍ശനത്തിനായി പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തിയത്. എന്നാല്‍ ഇരുവരെയും മരക്കൂട്ടം മുതല്‍ പ്രതിരോധിച്ച പ്രതിഷേധക്കാര്‍ സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തടയുകയും തിരിച്ചയക്കുകയും ചെയ്തത്.
ഇതിനിടെ ബിന്ദുവിന്‍റെ ഭര്‍ത്താവ് ഹരിഹരന്‍ തന്‍റെ സര്‍വ്വപിന്തണയും ഭാര്യ ബിന്ദുവിനുണ്ടെന്ന് മാധ്യമങ്ങോട് പറഞ്ഞു. ഇന്നലെയാണ് ബിന്ദു ശബരിമലയിലേക്ക് തിരിച്ചത്. പ്രധിഷേധം ഉണ്ടാവുമെന്ന് അറിയാമായിരുന്നതിനാല്‍ ഹരിഹരനും മകളും വീട്ടിൽ നിന്ന് ഇന്നലത്തന്നെ മാറിയിരുന്നു. തനിക്കും ബിന്ദുവിനും നിലവിൽ രാഷ്ട്രീയ പശ്ചാത്തലം ഒന്നും ഇല്ലെന്നും ഹരിഹരൻ പറഞ്ഞു. 10 വർഷം മുമ്പ് സിപിഐഎംഎൽല്ലില്‍ പ്രവർത്തിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗകമല്ലെന്നും ഹരിഹരന്‍ പറഞ്ഞു.
എന്നാല്‍ വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിലേക്ക് പോയതെന്ന് ഭർത്താവ് കൃഷ്ണനുണ്ണി പറഞ്ഞു. വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് കനകദുര്‍ഗ പോയത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞതായി കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍, ആ തക്കം നോക്കി തന്‍റെ ആവശ്യത്തെ അംഗീകരിക്കതെ പൊലീസ് തന്നെ ചന്ദ്രാനന്ദം റോഡില്‍ നിന്ന് എടുത്തുകൊണ്ടുവരികയായിരുന്നെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സംഘര്‍ഷം അവസാനിച്ചാല്‍ തിരിച്ച് ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കിയതായും ബിന്ദു പറഞ്ഞു.
ഇന്ന് രാവിലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. യുവതികള്‍ മലകയറുന്നുണ്ടെന്നറിഞ്ഞ പൊലീസ് പിന്നീടിവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ മലകയറിയ ഇരുവരെയും മരക്കൂട്ടമുതല്‍ പല സ്ഥലങ്ങളിലായി തടഞ്ഞിരുന്നു. ഒടുവില്‍ ചന്ദ്രാനന്ദം റോഡില്‍ വച്ച് കൂടുതല്‍ പ്രതിഷേധക്കാരെത്തി ഇരുവരെയും കടത്തിവിടാതായതോടെയാണ് പൊലീസ് ഇരുവരെയും കൊണ്ട് മലയിറങ്ങാന്‍ നിര്‍ബന്ധിതരായത്.
