ധാക്ക: രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് ബംഗ്ലാദേശും മ്യാൻമറും ധാരണയിലെത്തി. മ്യാൻമറിന്‍രെ തലസ്ഥാനമായ നായ് പേയിടാവില്‍ വച്ചാണ് ഇരുരാജ്യങ്ങളിലേയും ഉന്നത അധികൃതർ തമ്മില്‍ കരാറിൽ ഒപ്പുവച്ചത്. രോഹിൻക്യൻ അഭയാർത്ഥി പ്രശ്നത്തില്‍ നിർണായകമായേക്കുന്ന ഉടമ്പടിയിലാണ് മ്യാൻമർ സ്റ്റേറ്റ് കൗണ്‍സിലർ ഓംഗ്സാൻ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുല്‍ ഹസ്സൻ മഹമൂദ് അലിയും ഒപ്പു വച്ചിരിക്കുന്നത്.
ഒരു തീയതി മുന്നില്‍ വച്ചല്ല ഈ ഉടന്പടി. 2 മാസത്തിനുള്ളില്‍ രോഹിൻക്യകളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. മ്യാൻമർ സർക്കാർ നല്കിയ തിരിച്ചറിയില്‍ രേഖകളും സ്വന്തം വിശദാംശങ്ങളും മ്യാൻമറിലെ വിലാസവും വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷയും രോഹിൻക്യകള്‍ നല്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് തിരിച്ചുപോക്കെന്നും രേഖപ്പെടുത്തണം.
ബംഗ്ലാദേശ് രേഖകള്‍ നല്‍കുന്ന മുറക്ക് രോഹിൻക്യകളെ സ്വീകരിക്കാൻ തയ്യാറാണെന്ന് മ്യാൻമർ കുടിയേറ്റ-തൊഴില്‍ വകുപ്പ് സെക്രട്ടറി മൈൻറ് ക്യായിംഗ് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും രോഹിൻക്യൻ പ്രശ്നത്തില്‍ തുടർനടപടികള്‍ ഉറപ്പാക്കുമെന്നുമാണ് ബംഗ്ലാദേശിന്‍റെ പ്രതികരണം.
.എന്നാല്‍ രോഹിൻക്യകളുടെ സുരക്ഷ ഉറപ്പ് വരുത്താതെ ഉള്ള പുതിയ നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് മനുഷ്യാവകാശസംഘടനകളുടെ പ്രതികരണം. കഴിഞ്ഞ ഓഗസ്റ്റില്‍ രാഖിനെ പ്രവശ്യയിലുണ്ടായ കലാപത്തെ തുടർന്ന് 6 ലക്ഷത്തിലധികം രോഹിൻക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
