വിമാനത്തിലെ ബിസിനസ് ക്ലാസിൽ ആളുകളുടെ സീറ്റിന് മുകളിൽ ഇരുന്ന് വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സിംഗപ്പൂർ: വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂർ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചവരെയൊക്കെ കാറ്റിൽ പറത്തി ടിക്കറ്റോ പാസ്പോർട്ടോ ഒന്നുംതന്നെ ഇല്ലാതെ യാത്ര ചെയ്യുകയാണ് ഒരു മൈന. അതും വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ.
സിംഗപ്പൂരിൽനിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂർ എയർലൈൻസിന്റെ SQ322 വിമാനത്തിൽ ജനുവരി ഏഴിനായിരുന്നു സംഭവം. സിംഗപ്പൂരിൽനിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂർ ദൂരം യാത്രയുണ്ട്. ലണ്ടനിലെത്താൻ ഏകദേശം രണ്ട് മണിക്കൂർ ബാക്കിയുള്ളപ്പോൾ മാത്രമാണ് വിമാനത്തിലെ ജീവനക്കാർ മൈനയെ കാണുന്നത്. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
വിമാനത്തിലെ ബിസിനസ് ക്ലാസിൽ ആളുകളുടെ സീറ്റിന് മുകളിൽ ഇരുന്ന് വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ വിമാനത്തിനുള്ളിൽ എങ്ങനെയാണ് മൈന എത്തിയതെന്ന് അധികൃതർ ഇതുവരെ വിശദീകരിച്ചിട്ടില്ല.
