ഇതേ സമയം തങ്ങളുടെ ക്യൂബയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയും, അവരുടെ ജോലികള്‍ വിലയിരുത്തുക എന്നിങ്ങനെ തിരക്കിട്ട പരിശോധനകളിലേക്ക് കടക്കുകയാണ് കാനഡ

ഹവാന: ക്യൂബയില്‍ എത്തുന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും അപൂര്‍വ്വ രോഗം പിടിപെടുന്നു. 2016 മുതല്‍ ആരംഭിച്ച ഈ പ്രതിഭാസം 13മത്തെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനും സംഭവിച്ചതോടെ ആഗോള തലത്തില്‍ വാര്‍ത്തയാകുകയാണ്. 2016 മുതല്‍ ഈ സംഭവം ഉണ്ടെങ്കിലും 2018 ജനുവരി മുതലാണ് തലച്ചോറില്‍ വരുന്ന മുറിവ് സംബന്ധിച്ച് കാനഡ ഗൌരവമായി എടുത്തത്.

ഇതേ സമയം തങ്ങളുടെ ക്യൂബയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയും, അവരുടെ ജോലികള്‍ വിലയിരുത്തുക എന്നിങ്ങനെ തിരക്കിട്ട പരിശോധനകളിലേക്ക് കടക്കുകയാണ് കാനഡ. അടുത്തിടെ ഇത്തരത്തില്‍ ഒരു നയതന്ത്ര ഉദ്യോഗസ്ഥന് അസ്വാഭാവികമായ രോഗ സൂചനകള്‍ കണ്ടുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാനേഡിയന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളുടെ ഉദ്യോഗസ്ഥരില്‍ കണ്ടെത്തിയ അതേ പ്രശ്നം തന്നെയാണെന്നും ഈ ഉദ്യോഗസ്ഥന്‍ ഉറപ്പിക്കുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ആരോഗ്യ രക്ഷയ്ക്കായുള്ള എല്ലാ നീക്കങ്ങളും നടത്തിയെന്നും കാനഡ വ്യക്തമാക്കുന്നു. അതേ സമയം സംഭവത്തില്‍ ക്യൂബന്‍ അധികൃതരുമായി ചേര്‍ന്ന് ഒരു അന്വേഷണത്തിന് ഒരുങ്ങുകയാണ് കാനഡ.

അതേ സമയം കാനഡ അമേരിക്കന്‍ അധികൃതരുടെ പ്രഥമിക അന്വേഷണത്തില്‍ ഇത് ക്യൂബയും അമേരിക്കന്‍ വന്‍കരയിലെ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ആക്രമണമാണ് എന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് തള്ളിക്കളയാന്‍ ആകില്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ച കനേഡിയന്‍ നയതന്ത്ര വൃത്തങ്ങളും പറയുന്നത്. 

പെട്ടെന്നുള്ള തളര്‍ച്ച, വശങ്ങളിലെ തളര്‍ച്ച, തലവേദന, കാഴ്ചയുടെ മങ്ങല്‍, ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണമായി ഈ തലച്ചോറിലെ അസാധരണ മുറിവ് കണുന്നതിന്‍റെ ലക്ഷണങ്ങള്‍. ഇത് സംബന്ധിച്ച് 21 പേരെ പരിശോധിച്ച് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനിലെയും, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെയും ഡോക്ടര്‍മാര്‍ ഇത് ഒരു ആയുധപ്രയോഗം ആയിരിക്കാം എന്ന തിയറിയാണ് മുന്നോട്ട് വയ്ക്കുന്നത്.