തിരുവനന്തപുരം: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങലില്‍ ദേശീയ പാതയോരത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സജിന്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് മരിച്ചത്. സമീപത്ത് തന്നെ ഇയാളുടെ കാറും കണ്ടെത്തിയിരുന്നു. 

തന്നെ റോഡില്‍ തടഞ്ഞു വച്ച് ചിലര്‍ ആക്രമിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചുവെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്തെ പരിശോധനയില്‍ നിന്നും ഇത്തരത്തിലൊരു ആക്രമണത്തിനുള്ള സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. പെട്രോള്‍ കൊണ്ടു വന്ന ടിന്‍ സമീപത്ത് ഉപേക്ഷിച്ചിരുന്നു. കാറിനുള്ളില്‍ മറ്റൊരു കുപ്പിയിലും പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇവ രണ്ടിലും മറ്റാരുടെയും വിരലടയാളമില്ല. 

അതിനിടെ ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്ന അമ്പിളി എന്ന യുവതിയെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലുള്ള ഗ്രാമവാസിയായ വീട്ടമ്മയാണ് അമ്പിളി. ഒരു കുട്ടിയുടെ അമ്മയായ ഇവരുമായി സജിന്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി ബന്ധപ്പെട്ടിരുന്നു. 
മരണത്തിന് തൊട്ടുമുന്‍പ് അമ്പിളിക്ക് അയച്ച സന്ദേശത്തില്‍ ഈ രാത്രി അവസാനിക്കുമ്പോള്‍ താന്‍ ഉണ്ടാകില്ല എന്ന് സജിന്‍ എഴുതിയിരുന്നു. തന്‍റെ മരണം ലൈവായി കാണണമെങ്കില്‍ വീഡിയോ കോളില്‍ വിളിക്കു എന്നും ഇയാള്‍ ഈ സ്ത്രീയ്ക്ക് ഇയാള്‍ സന്ദേശം അയച്ചിരുന്നു