ജീവിതവും മരണവും ഒരുപോലെ നിഗൂഢമായി അവശേഷിപ്പിച്ച ജയലളിത കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും അവരുടെ അദൃശ്യ സാന്നിദ്ധ്യം എല്ലായിടത്തും എപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. വെറുതെയങ്ങ് വിശ്വസിക്കുന്നതല്ല. ഒരുപാട് തെളിവുകളുണ്ട് അതിനെ സാധൂകരിക്കാന്‍. കൂടെ നിന്നെ ചതിച്ചവരെ അടക്കം അമ്മയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം ഒരു അദൃശ്യ ശക്തി കാര്യമായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ടത്രെ. ജയലളിതയുടെ അധികാര സൂചകമായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും അതിന്റെ പരിസരത്ത് പോലും ആര്‍ക്കും ഇപ്പോള്‍ പേടികൂടാതെ ജീവിക്കാന്‍ പറ്റാതായെന്നും പരിസരവാസികളില്‍ ചിലര്‍ പറയുന്നു.
മോഷണം, അസാധാരണമായ മരണങ്ങള്‍, വിസ്മയിപ്പിക്കുന്ന യാദൃശ്ചികതകള്‍, കോപാകുലയായ ഒരു 'പ്രേത സാന്നിദ്ധ്യം' എന്നിങ്ങനെ സംഭവങ്ങളും അതിനോട് ചേര്‍ത്ത്‍വെയ്ക്കപ്പെട്ട കഥകളും ഒരുപാടുണ്ട് ജയലളിതയെപ്പറ്റി ഇപ്പോള്‍. ജയലളിത മരിച്ച് ആറ് മാസം തികയുന്നതിന് മുമ്പാണ് ചെന്നൈയില്‍ നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ അകലെയുള്ള കോടനാട് എസ്റ്റേറ്റില്‍ മോഷണം നടക്കുന്നത്. അധികാരത്തിലിരിക്കുന്ന സമയത്ത് വേനല്‍ക്കാല വസതിയായി ജയലളിത ഉപയോഗിച്ചിരുന്ന ആഡംബര ബംഗ്ലാവുള്‍പ്പെടെ 900 ഏക്കറോളം പരന്നുകിടക്കുന്ന കോടനാട് എസ്റ്റേറ്റ് ശശികല സ്വന്തമാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അനവധി സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ സദാസമയവും കാവല്‍ നില്‍ക്കുന്ന കോടനാട് എസ്റ്റേറ്റിലെ ഒരു കാവല്‍ക്കാരനെ കൊലപ്പെടുത്തിയിട്ടാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അഞ്ച് വര്‍ഷത്തോളം ജയലളിതയുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കനകരാജ് ഉള്‍പ്പെടെ 11 പേരെയാണ് കേസില്‍ പൊലീസ് സംശയിച്ചിരുന്നത്. ഏപ്രില്‍ 28ന് സേലത്തിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. പിറ്റേദിവസം രാവിലെ കേസിലെ മറ്റൊരു പ്രതിയായ സയന്‍ കേരളത്തില്‍ വെച്ച് വാഹനാപകടത്തില്‍ പെട്ടു. മോഷണത്തിന് അഞ്ച് ദിവസം മുമ്പ് ചെന്നൈ ശിരുവത്തൂരില്‍ ഉള്ള ജയലളിതയുടെ മറ്റൊരു ബംഗ്ലാവില്‍ തീപിടുത്തമുണ്ടായിരുന്നു. ജോലിക്കാര്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീപടര്‍ന്നതാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ ദൂരൂഹതയുണ്ടെന്ന് സി.പി.ഐ തമിഴ്നാട് സെക്രട്ടറി ആര്‍ മുത്തരശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു.
ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിനെ ചുറ്റിപ്പറ്റിയാണ് അടുത്ത അഭ്യൂഹം. അധികനേരമൊന്നും അവിടെ ആര്‍ക്കും നില്‍ക്കാന്‍ കഴിയില്ലെന്നാണ് പലരും ആനുഭവത്തിന്റെ വെളിച്ചത്തില്‍ അവകാശപ്പെടുന്നത്. ദിവസവും ഇരുപതോളം സുരക്ഷാ ജീവനക്കാര്‍ പലതവണ മാറുന്ന ഷിഫ്റ്റുകളിലാണെത്രെ ഇവിടെ കാവല്‍ നിര്‍ത്തുന്നത്. കടല്‍ത്തീരത്തായിട്ടും സഹിക്കാനാവാത്ത ചൂടാണ് ഈ പ്രദേശത്ത് എപ്പോഴുമുള്ളതെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു. ഇവിടെ ജോലി ചെയ്ത പലര്‍ക്കും പനി അടക്കമുള്ള അസുഖങ്ങള്‍ വിട്ടുമാറാതെ പിടിപെടുന്നെന്നും ജീവനക്കാര്‍ പറയുന്നു.
തമിഴ്നാട് ആരോഗ്യ മന്ത്രി ഡോ.സി വിജയ ഭാസ്കറിന്റെ സഹായ സുബ്രമണിയെ മേയ് എട്ടിന് തന്റെ ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിത് പിന്നിലും ദൂരൂഹതകള്‍ ആരോപിക്കപ്പെട്ടുന്നു. ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും ചുരുളഴിയാത്ത ആ മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനും കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് ജയലളിത താമസിച്ചിരുന്ന ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്നും നിലവിളികളും അസാധാരണ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടെന്ന് പരിസര വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയത്. 90 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീടും ശശികല സ്വന്തമാക്കുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലിലായി. ശശികലയും പോയതോടെ ഇപ്പോള്‍ എല്ലാ ദിവസവും രാത്രിയാവുമ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് നിലവിളികള്‍ പോലുള്ള ശബ്ദം കേള്‍ക്കാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ദിനകരന്റെ കുടുംബം പോലും ഇവിടെ നിന്ന് മാറിയത് ഈ ശബ്ദം പേടിച്ചിട്ടാണത്രെ. ശബ്ദം കേള്‍ക്കാറുണ്ടെന്ന കാര്യം ജീവനക്കാരും സമ്മതിക്കുന്നു.
പോയസ് ഗാര്‍ഡനിലെ വസതിയില്‍ താമസിച്ചിരുന്ന ജയലളിതയുടെ ഒരു ബന്ധുവും ഇത്തരം ശബ്ദം കേട്ട് ഭയപ്പെട്ടുവെന്ന് പറയുന്നു. ജയലളിതയുടെ മരണശേഷം ശശികല ഇവിടെ താമസിച്ചിരുന്ന സമയത്ത് ഇത്തരം ശബ്ദങ്ങളൊന്നും ഇല്ലായിരുന്നത്രെ. അമ്മയെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചവരെയെല്ലാം വിധി വേട്ടയാടുകയാണെന്നാണ് പോയസ് ഗാര്‍ഡനിലെ ഒരു ജീവനക്കാരന്‍ പറഞ്ഞത്. ശശികലയ്ക്ക് പിന്നാലെ ടി.ടി.വി ദനകരനും അറസ്റ്റിലായി. കോടനാട് എസറ്റേറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ചവര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് സ്ഥലത്ത് വെച്ച് ഒരുപോലെ അപകടങ്ങള്‍ സംഭവിച്ചു. ജയലളിതയുമായി പല തരത്തില്‍ ബന്ധമുണ്ടായിരുന്ന നിരവധി പേര്‍ മരണപ്പെട്ടു. വീടിനുള്ളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദങ്ങള്‍ കൂടിയാകുമ്പോള്‍ പ്രേത ബാധയ്ക്കപ്പുറം ആസൂത്രിതമായ മറ്റെന്തൊക്കെയോ അണിയറയില്‍ നടക്കുന്നുവെന്നാണ് ജയലളിതയുടെ പാര്‍ട്ടി നേതാക്കള്‍ പോലും പറയുന്നത്. സാഹചര്യങ്ങള്‍ ആരോ സമര്‍ത്ഥമായി മുതലെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അമ്മയുടെ ആത്മാവിന്റെ പ്രതികാരമായി ഇതിനെയൊക്കെ കാണാന്‍ തന്നെയാണ് പലര്‍ക്കും താത്പര്യമെന്ന് മാത്രം.
