മൈസൂരു: മൈസൂരുവിലെ ക്ഷേത്ര നവീകരണത്തിന് യാചക സംഭാവന നൽകിയത് രണ്ടര ലക്ഷം രൂപ. ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷ യാചിച്ചിരുന്ന എൺപത്തിയഞ്ചുകാരിയാണ് വിശ്വാസികളെ ഞെട്ടിച്ച് പ്രസന്ന ആഞ്ജനേയ ക്ഷേത്രത്തിന് വൻതുക ദാനം നൽകിയത്. കുറേ വര്‍ഷമായി സീതാലക്ഷ്മി വെണ്ടിക്കൊപ്പാളിലെ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നിലാണ് ഭിക്ഷ യാചിക്കുന്നത്. പുലർച്ചെ ക്ഷേത്ര നടയിലെത്തി രാത്രി വൈകി മടങ്ങുന്നതാണ് പതിവ് രീതി.
പതിവുകാരായ വിശ്വാസികൾ അവർക്ക് എന്തെങ്കിലും നൽകാതെ പോവാറില്ല. അങ്ങനെ എന്നും ഭിക്ഷക്കാരിയായ സീതാലക്ഷ്മിയെ കണ്ടവർ ശരിക്കും ഞെട്ടിയത് കഴിഞ്ഞ ദിവസമാണ്. ക്ഷേത്ര നവീകരണത്തിന് പണം തേടുകയായിരുന്നു കമ്മിറ്റി. ചെയർമാൻ ബസവരാജിനെ കണ്ട് സീതാലക്ഷ്മി കാര്യം പറഞ്ഞു. തന്‍റെ വക ഇതാ സംഭാവന. ഭിക്ഷയാചിച്ചു കിട്ടിയ രണ്ടര ലക്ഷം രൂപ. ഗണേശോത്സവത്തിനിടെ മുപ്പതിനായിരം രൂപ കൈമാറിയതിന് പിന്നാലെയായിരുന്നു ഈ സംഭാവന. ക്ഷേത്ര ജീവനക്കാരുടെ സ്നേഹത്തിനുളള പ്രത്യുപകാരമെന്ന് സീതാലക്ഷ്മി പറയുന്നു.
തനിക്കെല്ലാം ഹനുമാൻ സ്വാമി ആണെന്ന് ഇവര്‍ പറയുന്നു. തന്‍റെ പണം കൊണ്ട് എല്ലാ ഹനുമാൻ ജയന്തിക്കും ഭക്തർക്ക് പ്രസാദം നൽകണമെന്ന് ഒരു നിര്‍ദേശം മാത്രമാണ് അവര്‍ മുന്നോട്ട് വച്ചത്. അവരുടെ സംഭാവന എല്ലാവർക്കും കാണാവുന്ന വിധത്തിൽ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടുമുണ്ട്. ക്ഷേത്രക്കമ്മിറ്റി ഇവര്‍ക്ക് വന്‍ സ്വീകരണവും നൽകി. യാദവഗിരിയിൽ സഹോദരനൊപ്പമാണ് ഇവരുടെ താമസം. നേരത്തെ വീട്ടുജോലിക്ക് പോയിരുന്ന ഇവര്‍ ആരോഗ്യം മോശമായപ്പോഴാണ് ഭിക്ഷ യാചിക്കാൻ ഇറങ്ങിയത്.
