ഇന്ദിരയിലെ നിലാ കായ്കിറത് എന്ന പാട്ടിനു ശേഷം ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ശബ്ദത്തില്‍ മനോഹരമായ കേട്ട് ഇഷ്ടപ്പെട്ട പാട്ട് നാ മുത്തുകുമാറിന്റെ പാട്ട് മറക്കാന്‍ കഴിയില്ല. മഴയുടെയും വെയിലിന്റെയും അഴകിനെക്കുറിച്ചെഴുതിയ നാ മുത്തുകുമാറിന്‍റെ സുന്ദരമായ ആ വരികളെ 2014 ലെ ദേശീയ ചലച്ചിത്രപുരസ്കാരവും തേടിയെത്തിയിരുന്നു. ശുദ്ധമായ തമിഴില്‍ കവിത ഒട്ടും ചോര്‍ന്നു പോകാതെ പാട്ടുകളെഴുതുകയായിരുന്നു നാ മുത്തുകുമാറിന്‍റെ ശൈലി. വെസ്റ്റേണ്‍ ശൈലിയിലുള്ള പാട്ടുകള്‍ക്കും മുത്തുകുമാറിന്‍റെ തനിത്തമിഴ് ഇണങ്ങി. അതെല്ലാം ഹിറ്റുകളുമായി.
കാഞ്ചീപുരത്തെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ച മുത്തുകുമാറിന് പുസ്തകങ്ങളായിരുന്നു കൂട്ട്. ബാലു മഹേന്ദ്രയുടെ സംവിധാനസഹായിയായി സംവിധാനമോഹവുമായിരുന്നു കുറച്ചുകാലം. സീമന്റെ വീരനടൈ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായത്. പിന്നീട് ഹിറ്റ് ചാര്‍ട്ടിലിടം പിടിച്ച ആയിരത്തോളം ഗാനങ്ങള്‍. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മുത്തുകുമാറിനെ ആദ്യം ദേശീയ പുരസ്കാരം തേടിയെത്തിയത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കായ മീണ്ടും ഒരു കാതല്‍ കഥൈയാണ് മുത്തുകുമാര്‍ വരികളെഴുതിയ അവസാനചിത്രം. ജീവലക്ഷ്മിയാണ് ഭാര്യ.
