താനും ദുരഭിമാനക്കൊലയുടെ വക്കിലെന്ന് യുവാവ് ആറു വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടുകാർ
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ നദീറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആറ് വർഷത്തിലധികമായി താനൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാൽ താൻ സാമ്പത്തികമായി പിന്നാക്കമായത് കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നുമായിരുന്നു നദീറിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ് നദീർ. പെൺകുട്ടി ഇരിങ്ങത്ത് സ്വദേശിനിയും. പരസ്പരമുള്ള ഇഷ്ടം ഇരുവീടുകളിലും അറിയിച്ചതിനെത്തുടർന്ന് വിവാഹം വരെ എത്തിയതായിരുന്നു ഈ ബന്ധം. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതമല്ലെന്നും പറഞ്ഞ വാക്ക് തിരിച്ചെടുക്കുന്നു എന്നും പറഞ്ഞതായി നദീർ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കെവിൻ വിഷയം പരാമർശിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാർ അവളിൽ സമ്മർദ്ദം ഏൽപിക്കുന്നതെന്ന് നദീർ പറയുന്നു. ''അവളോട് രണ്ട് ഓപ്ഷനാണ് പറയുന്നത്. അതിലൊന്ന് എന്റെ കൂടെ അവൾക്കിറങ്ങി വരാം. രണ്ട് അവർ പറയുന്ന വിവാഹത്തിന് സമ്മതിക്കണം. എന്റെ കൂടെ ഇറങ്ങി വന്നാൽ എന്നെ ബാക്കി വച്ചേക്കില്ല എന്നാണ് അവർ പറയുന്നത്. എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന കാര്യത്തിൽ അവൾക്ക് ഭയമുണ്ട്.'' നദീർ പറയുന്നു. കൺമുന്നിൽ ദുരഭിമാനക്കൊലകൾ പലതും നടക്കുമ്പോൾ നാളെ തങ്ങളും ആ ദുരന്തത്തിന്റെ ഇരകളാകുമോ എന്ന ഭയമുണ്ട് നദീറിനും ആ പെൺകുട്ടിക്കും.
''അവളുടെ വീട്ടുകാർ ഞങ്ങളോട് ഈ ബന്ധത്തിൽ നിന്നും ഒഴിവാകാൻ പറഞ്ഞിരുന്നു. എന്നാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറായിരുന്നില്ല. പിന്നീട് അവളുടെ വീട്ടുകാർ എന്റെ മൊബൈലിൽ വിളിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പല സ്ഥലങ്ങളിലും വച്ച് വണ്ടി തടഞ്ഞു അടിക്കാൻ ശ്രമിക്കുകയും വീട്ടിൽ വന്നു ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തു. രണ്ട് മാസം മുമ്പ് ഇരിങ്ങത്ത് ടൗണിൽ വച്ചു അവളുടെ പിതാവും അയാളുടെ അനുജനും പരസ്യമായി എന്നെ അടിച്ചു. അന്ന് നാട്ടുകാർ ഇടപെട്ടത് കൊണ്ട് മാത്രമാണ് നിസ്സാര പരിക്കോടെ ഞാൻ രക്ഷപ്പെട്ടത്. ഒഴിവായില്ലെങ്കിൽ കൊന്നുകളയും എന്ന് അന്ന് ഭീഷണിയും മുഴക്കി. ഈ വിഷയത്തിൽ ഞാൻ പയ്യോളി പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുത്തു. അവിടെ വെച്ച് പെൺകുട്ടി എന്നെ ഇഷ്ടമാണെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു. അവളുടെ ഉപ്പയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ സമയം വേണമെന്ന് പറഞ്ഞത് കൊണ്ട് അവിടെ വച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നീട് അവളുടെ ഒരു വിവരവും എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. -നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നത് ഇങ്ങനെയാണ്.
ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷം ധാരാളം പേർ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നദീർ പറയുന്നു. എന്നാൽ ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയും സമ്മതത്തോടെയും ഒന്നിച്ചു ജീവിക്കണമെന്നാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്നും നദീർ കൂട്ടിച്ചേർക്കുന്നു. എട്ട് മാസത്തിലധികമായി പെൺകുട്ടി വീട്ടുതടങ്കലിലാണ്.
മാനസികമായി തളർന്ന പെൺകുട്ടിയെ സൈക്യാട്ടിസ്റ്റിന്റെ അടുക്കൽ കൊണ്ട് പോവുകയും ഹിപ്പ്നോട്ടിസത്തിന് വിധയമാക്കുകയും മനസ്സ് മാറ്റാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്‌തു. അവസാനമായി അവൾ പറഞ്ഞത് നമുക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ല ഇറങ്ങി വന്നാൽ അവർ കെവിനെ കൊന്നതു പോലെ നിങ്ങളെയും കൊന്ന് കളയും എന്നാണ് അതും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞതായി നദീർ വ്യക്തമാക്കുന്നു. ഫോൺവിളിക്കാനോ അവളെക്കുറിച്ചറിയാനോ സാധിക്കുന്നില്ല. അവസാനമായി ഫോണിൽ സംസാരിച്ച സമയത്ത് വളരെ അവശയായിട്ടാണ് പെൺകുട്ടി സംസാരിച്ചത്. സാമ്പത്തികമായി പിന്നാക്കാസ്ഥയിലാണ് എന്ന ഒറ്റക്കാരണം കൊണ്ട് പ്രണയിച്ച പെൺകുട്ടിയെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് നദീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെട്ടേക്കാം കെവിനിനെ പോലെ
എന്റെ പേര് നദീർ, കോഴിക്കോട് ജില്ലയിലെ പയ്യോളി പാലച്ചുവട് സ്വദേശിയാണ്.
എൻെറ അയൽപ്രദേശമായ ഇരിങ്ങത്തുകാരിയായ പെൺകുട്ടിയുമായി 6 വർഷത്തിൽ കൂടുതലായി പ്രണയത്തിലാണ്. ഞങ്ങൾ ഈ ഇഷ്ടം ഇരു വീടുകളിലും അറിയിക്കുകയും പിന്നീട് പെൺ വീട്ടുകാരുടെ കൂടി സമ്മതത്തോടെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്തുകയും മഹർ വരെ വാങ്ങി വെക്കുകയും ചെയ്തു . പിന്നീട് പെൺ വീട്ടുകാർ ഏകപക്ഷീയമായി വിവാഹത്തിൽ നിന്നും പിന്മാറുകയും ഞങ്ങളോട് ഭീഷണി സ്വരത്തിൽ പിന്മാറണം എന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. കാരണം ചോദിച്ചപ്പോൾ കാരണം വ്യക്തമായി പറയാതെ വാക്കുകൾ എപ്പോൾ വേണമെങ്കിലും മാറ്റും അതു ഞങ്ങളെ ഇഷ്ടം ആണെന്നും, പറഞ്ഞത് കേട്ടാൽ മതി ഇല്ലെങ്കിൽ നീ വിവരം അറിയും എന്ന ഭീഷണി ഉള്ള മറുപടി ആണ് കിട്ടിയത്.
പിന്നീട് ഞാൻ അവളോട് കാര്യങ്ങൾ തിരക്കിയപ്പോൾ എനിക്ക് സാമ്പത്തികം കുറഞ്ഞത് കൊണ്ടാണ് അവർ കല്യാണത്തിൽ നിന്നും വിട്ടുനിന്നത് എന്ന് മനസ്സിലായി.
അവളുടെ വീട്ടുകാർ ഞങ്ങളോട് ഈ ബന്ധത്തിൽ നിന്നും ഒഴുവാകാൻ പറഞ്ഞപ്പോൾ ഒരു തരത്തിലുള്ള വിട്ടു വീഴ്ചപ്പോലും കിട്ടാതെ വന്നപ്പോൾ അവളുടെ വീട്ടുകാർ എന്റെ മൊബൈലിൽ വിളിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും, പലയിടത്തും വണ്ടി തടഞ്ഞു അടിക്കാൻ ശ്രമിക്കുകയും, വീട്ടിൽ വന്നു ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയും ചെയ്‌തു. എന്നിട്ടും ഫലം കാണാതെ വന്നപ്പോൾ 18-4-18 നു ഇരിങ്ങത്ത് ടൗണിൽ വച്ചു അവളുടെ പിതാവും അയാളുടെ അനുജനും പരസ്യമായി അടിക്കുകയും ജനങ്ങൾ ഇടപെട്ടത് കൊണ്ട് മാത്രം നിസ്സാര പരിക്കോടെ ഞാൻ രക്ഷപ്പെടുകയും ചെയ്തു. ഇനിയും ഒഴിവായില്ലെങ്കിൽ കൊന്നുകളയും എന്ന് അന്ന് ഭീഷണിയും മുഴക്കി. ഈ ഒരു വിഷയത്തിൽ ഞാൻ പയ്യോളി പോലീസ് സ്റ്റേഷൻ കംപ്ലയിന്റ് കൊടുക്കുകയും അവിടെ വെച്ച് പെൺകുട്ടി എന്നെ ഇഷ്ടം ആണെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവിടെ വെച്ച് അവളുടെ ഉപ്പയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം വേണം എന്ന് കൂട്ടത്തിൽ ഉള്ള ഒരാൾ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്ന് അവിടെ കൂടിയവർ പിരിഞ്ഞു പോകുകയും ചെയ്‌തു.
പിന്നീട് അവളുടെ ഒരു വിവരവും എനിക്ക് അറിയാൻ കഴിഞ്ഞില്ല. അവളുടെ വീട്ടുകാർ അവളെ വീട്ടുതടങ്കലിൽ വെക്കുകയും, പുറത്ത് പോലും വിടാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാനസികമായി തളർന്ന അവളെ സൈക്യാട്ടിസ്റ്റിന്റെ അടുക്കൽ കൊണ്ട് പോകുകയും ഹിപ്പ്നോട്ടിസത്തിനു വിധയമാക്കുകയും മനസ്സ് മാറ്റാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തിൽ അവളെ വീട്ടുകാർ അവളോട് ഇനിയും മാറിയില്ല എങ്കിൽ എന്നെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി എവിടെ പോയാലും തിരഞ്ഞു പിടിച്ചു കൊല്ലും എന്നും കൊന്നാൽ ജയിലിൽ പോകാൻ തയ്യാറായി നിൽക്കുകയാണ് എന്നും അവളെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എന്നെ കാണാനുള്ള ഒരു അവസരം ഒരുക്കി തരാൻ അവൾ വീട്ടുകാരോട് ആവശ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തിൽ ഒരു അവസരം ഒരുക്കുകയും സൈക്യാട്ടിസ്റ്റിൻെറ സാന്നിദ്ധ്യത്തിൽ അവിടെ വെച്ച് സംസാരിച്ചു. അവൾ പേടിയോടെ എന്നെ അവർ കൊല്ലുമെന്നും അതിനാൽ നമുക്ക് ഒരുമിച്ച് ജീവിതം സാധ്യമല്ല എന്നും മാത്രമാണ് പറഞ്ഞത്.
എന്റെ കൂടെ ഇറങ്ങി വരികയാണെങ്കിൽ കെവിനിനെ കൊന്നത് പോലെ എന്നെയും കൊന്നു കളയും അവളെ ഒറ്റപ്പെടുത്തുകയും ചെയ്യും കൊല്ലാനുള്ള എല്ലാ ഒരുക്കങ്ങളും റെഡി ആണ്. നീ കാരണം അവൻ മരിക്കണോ? എന്ന് നീ തീരുമാനിക്കുക. കൊന്നിട്ട് ജയിലിൽ പോകാൻ വരെ തയ്യാർ ആയിട്ടാണ് അവളുടെ വീട്ടുകാർ നിൽക്കുന്നത് എന്നൊക്കെ പറഞ്ഞു അവളെ അവർ ഭയപ്പെടുത്തി. എന്നെ അവർ കൊന്നുകളയും എന്ന് പറഞ്ഞത് കൊണ്ടും എനിക്ക് അവൾ കാരണം എനിക്ക് ഒന്നും സംഭവിക്കരുത് അങ്ങനെ സംഭവിച്ചാൽ പിന്നെ അവൾ ജീവിച്ചിരിക്കില്ല എന്നും പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞാൻ അവർ കേസ് കൊടുത്താൽ പോലും അതുമായി മുന്നോട്ട് പോകില്ല എന്നും , ഞാൻ ജയിലിൽ പോകേണ്ടി വരും എന്നും അവർ അവളെ വിശ്വസിപ്പിച്ചു. കെവിൻ വിഷയം മുന്നിൽ നിർത്തി ആണ് അവളെ വീട്ടുകാർ ഭീഷണി പ്പെടുത്തിയതും മനസ്സ് മാറ്റാൻ നോക്കിയതും. ദുരഭിമാന കൊലകൾ പലതും മുന്നിൽ ഉള്ളപ്പോൾ അടുത്തത് ഞങ്ങൾ ആകുമോ എന്ന ഭയം കൂടെ ഉള്ളതു കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് . എനിക്കോ അവൾക്കൊ എന്തെങ്കിലും അസ്വാഭിവികമായി സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവളുടെ വീട്ടുകാർക്ക് മാത്രം ആണെന്നും ഞാൻ ഈ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം ഭീഷണി അല്ലെങ്കിൽ കള്ള കേസ് എനിക്ക് എതിരെ ഉണ്ടാകും എന്ന് കൂടെ ഞാൻ ഓർമിപ്പിക്കുന്നു
സാമ്പത്തികം കുറഞ്ഞതിന്റെ പേരിൽ മനസ്സ് അറിഞ്ഞു സ്നേഹിച്ച പെണ്ണിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഇന്ന് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.
സഹായിക്കുക
Share and help me pls..
