പൊലീസ് വിട്ടയച്ചുവെന്നും കോഴിക്കോട്ടേക്ക് വരികയാണ് എന്നുമാണ് നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെ ഇന്ന് കാലത്താണ് വിട്ടയച്ചത്. യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെതിരെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരിട്ടി ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയശേഷം പൊലീസ് വിട്ടയച്ചത്. നദീര്‍ വീട്ടിലേക്കുള്ള വഴിയിലാണ് എന്നാണ് അറിയുന്നത്. ആവശ്യമെങ്കില്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഹാജരാവണമെന്ന് പറഞ്ഞതിനു ശേഷമാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. 

മുന്‍ സര്‍ക്കാര്‍ ചുമത്തിയ കേസില്‍ തിരഞ്ഞിരുന്ന നദീറിനെ കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ഇന്ന് രാവിലെ നദീറിനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനിടെ, പെട്ടെന്നാണ് പൊലീസ് നിലപാട് മാറ്റിയത്.

ആറളത്തെ ആദിവാസി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തില്‍ നദീര്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന നോവലിസ്റ്റ് കമല്‍ സി ചവറയെ പരിചരിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെ പിന്നീട് ആറളത്ത് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

മാവോയിസ്റ്റ് സംഘത്തില്‍ ഉള്ള ആളാണ് നദീറെന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. നദീറിന് മേല്‍ നേരത്തെ ഉള്ള കേസ് ആണെന്നും പോലീസ് പറഞ്ഞിരുന്നു. കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചിരുന്നു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്.

പൊലീസ് വ്യാപകമായി യു.എ പി.എ ചുമത്തുന്നതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.എ.പി.എ ദുരുപയോഗിക്കാ്ന്‍ പാടില്ലെന്ന് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് നദീറിനെ വിട്ടയച്ചത്.