കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം പറയണമെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 

 നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുകയാണ്. നാദിര്‍ഷായോടെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. മൊഴിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കൂട്ടത്തില്‍ പരിശോധിക്കുമെന്നും കോടതി ഉത്തവില്‍ പറയുന്നു.

 അതേസമയം ബുധനാഴ്ച അന്വേഷണ സംഘത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ഉറപ്പും ഉത്തരവില്‍ ഇല്ല.

ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു.