കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ നാദിർ ഷായും നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ് . കൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും ഇവര്‍ മറച്ചുപിടിച്ചെന്നും അന്വേഷണം വഴിതിരിച്ചുവിടാൻ ദിലീപിനെ സഹായിച്ചെന്നും പൊലീസ് കണ്ടെത്തി .

എന്നാല്‍ ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുള്ളതിന് തെളിവ് കിട്ടിയിട്ടില്ല. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരൻ അനൂപിനെ കണ്ടിരുന്നു . സംഭവം ഒതുക്കി തീർക്കാൻ അനൂപും സഹായിച്ചോയെന്ന് സംശയം. അനൂപിനേയും പൊലീസ് ചോദ്യം ചെയ്യും.

അതേസമയം കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഗൂഢാലോചനയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണെന്നാണ് സൂചനകള്‍.