ആവശ്യമെങ്കിൽ കേസിൽ കക്ഷി ചേരുമെന്നും സ്വമേധയാ കേസെടുക്കുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നും രേഖ ശർമ്മ വിമർശിച്ചു. യുവതിയുടെ വീട്ടിലെത്തി ഒന്നേകാൽ മണിക്കൂറാണ് വനിത കമ്മീഷൻ മൊഴിയെടുത്തത്. യുവതിയുടെ ഭർത്താവും അവിടെ വച്ച് മൊഴി നൽകി
തിരുവല്ല: യുവതിയെ ബലാൽസംഗം ചെയ്ത ഓർത്തഡോക്സ് സഭയിലെ വൈദികർ പദവി ദുരുപയോഗം ചെയ്തെന്ന് ദേശീയ വനിത കമ്മീഷൻ. ആത്മീയ ലൈംഗിക ചൂഷണത്തിനാണ് യുവതി ഇരയായതെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. അതിനിടെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
വൈദികർ ബലാൽസംഗം ചെയ്തെന്ന മൊഴി ദേശീയ വനിത കമ്മീഷനു മുന്നിലും യുവതി ആവർത്തിച്ചു. യുവതിയുടെ വീട്ടിലെത്തി ഒന്നേകാൽ മണിക്കൂറാണ് വനിത കമ്മീഷൻ മൊഴിയെടുത്തത്. യുവതിയുടെ ഭർത്താവും അവിടെ വച്ച് മൊഴി നൽകി. ആവശ്യമെങ്കിൽ കേസിൽ കക്ഷി ചേരുമെന്നും സ്വമേധയാ കേസെടുക്കുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നും രേഖ ശർമ്മ വിമർശിച്ചു.
നിരണം ഭദ്രാസനാധിപനുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും വനിത കമ്മീഷൻ അധ്യക്ഷ കൂടിക്കാഴ്ച നടത്തി. വൈദീകരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച ഹൈക്കോടതി തള്ളിയാൽ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യം നൽകുന്നതിനെ ക്രൈംബ്രാഞ്ച് എതിർക്കും . ബന്ധം പുറത്തു പറയുമെന്ന് വൈദികൻ ഭീഷണിപ്പെടുത്തിയപ്പോഴാണ് സ്വന്തമായി ഹോട്ടൽ ബില്ല് നൽകിയതെന്ന് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
