ദില്ലി: വിദേശ യാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിക്കുന്നവരുടെ പേരുവിവരങ്ങള്‍ ആരാഞ്ഞ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥുര്‍. പ്രധാമന്ത്രിയുടെ ഓഫീസിനോട് നേരിട്ടാണ് വിവരങ്ങള്‍ നല്‍കാന്‍ മാഥുര്‍ ആവശ്യപ്പെട്ടത്. രാജ്യ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിലപാടിനെ കമ്മീഷന്‍ തള്ളി. 

എത്ര പേരാണ് പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നത്, അവരുടെ പേരും വിവരങ്ങളും അറിയിക്കാനാണ് മാഥൂര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം യാത്രകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരുമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. ഇവരുടെ വിവരങ്ങളാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷയുമായി ബന്ധമില്ലാത്ത, ഗവണ്‍മെന്‍റിന്‍റെ ഭാഗമല്ലാത്ത ആരെല്ലാമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. അവരുടെ പേര് വിവരങ്ങള്‍ എന്നിവയാണ് മാഥുര്‍ ആവശ്യപ്പെട്ടത്. നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ വിവരാവകാശ രേഖയ്ക്ക് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇത് കേന്ദ്ര വിവരാവകാശകമ്മീഷന്‍റെ മുന്നിലെത്തുന്നത്. 

വിദേശ യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളുടെ സിഇഓമാര്‍, ഉടമകള്‍, പാര്‍ട്ണര്‍മാര്‍ എന്നിവരുടെ വിരങ്ങളാണ് നീരജ് ശര്‍മ്മ ആവശ്യപ്പെട്ടത്. 

പ്രധാനമന്ത്രിയുടെ താമസസ്ഥലത്തെയും ഓഫീസിലെയും മാസചെലവ്, അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, പൊതുജനങ്ങളുമായി വീട്ടിലും ഓഫീസിലും നടത്തിയ യോഗങ്ങളുടെ എണ്ണം, ജനപ്രതിനിധികളുമായി നടത്തുന യോഗങ്ങളുടെ എണ്ണം, ഇതിന് സര്‍ക്കാറിന് ചെലവാകുന്ന തുക എന്നിവയാണ് അയൂബ് അലി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ശര്‍മ്മ 2017 ജൂലൈയിലും അലി 2016 ഏപ്രിലിലമാണ് അപേക്ഷ സലമര്‍പ്പിച്ചത്.