ന്യൂഡല്‍ഹി: ആധാര്‍ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചരണമാണ് നടക്കുന്നതെന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നിലേകാനി പറഞ്ഞു തീരും മുമ്പേ നിലേകാനിയുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി. ആധാറിനെ തകര്‍ക്കാന്‍ സംഘടിതമായ ദുഷ്പ്രചരണമുണ്ടെന്നത് നൂറുശതമാനം സത്യമാണെന്ന് അദ്ദേഹം ബംഗളൂരുവിലാണ് പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ നിരവധി സുരക്ഷാ സംവിധാനങ്ങളാല്‍ സംരക്ഷിച്ചിരിക്കുന്നതാണെന്നും ഒരേസമയം അവയെല്ലാം ഭേദിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആധാറിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാനായി നന്ദന്‍ നിലേകാനി 2016 സെപ്തംബറില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത തന്റെ ആധാര്‍ കാര്‍ഡാണ് ഇപ്പോള്‍ തിരിച്ചടിച്ചത്. തന്റെ ആധാര്‍ നമ്പറില്‍ നിന്നും ആദ്യത്തെ എട്ട് അക്കങ്ങള്‍ മറച്ച് വച്ചാണ് നിലേകാനി അന്ന് ആധാര്‍ കാര്‍ഡ് പരസ്യപ്പെടുത്തിയത്. 

ഈ കാര്‍ഡിലുണ്ടായിരുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത പ്രസാന്തോ കെ.റോയി എന്ന മുന്‍ ടെക്‌നോളജി ജേര്‍ണലിസ്റ്റാണ് നിലേകാനിയുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. നിലേകാനിയുടെ ആധാര്‍ നമ്പറിന്റെ മദ്ധ്യത്തിലെ നാല് അക്കങ്ങള്‍ ഇയാള്‍ മറച്ചുവച്ചിട്ടുണ്ട്. ആധാര്‍ പദ്ധതിയുടെ തലവനായി ഇരിക്കുമ്പോഴും ആധാര്‍ വിവരങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമായിരുന്നപ്പോഴും അതിന്റെ പ്രധാന്യത്തെക്കുറിച്ച് നിലേകാനി ചിന്തിച്ചിരുന്നതായി എനിക്ക് തോന്നുന്നില്ല. നിലേകാനിയുടെ എല്ലാ വിവരങ്ങളും ഇപ്പോള്‍ ആര്‍ക്കും ലഭ്യമാണ്. അദ്ദേഹത്തിന് പിന്നീട് അതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് പ്രസാന്തോ കെ.റോയി എഴുതുന്നു. 

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നന്ദന്‍ നിലേകാനി തയ്യാറായില്ലെന്ന് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയ ബുസ്ഫീഡ് ന്യൂസ് പറഞ്ഞു. ഇതിനുമുമ്പ് സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ നിന്ന് പതിനായിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ്.ധോണിയുടെ ആധാര്‍ വിവരങ്ങളും നേരത്തെ ചോര്‍ന്നിരുന്നു. 

സ്വകാര്യത മൗലികാവകാശമാണെന്ന കേസില്‍ നിന്ന് ആധാറിനെ സുപ്രീം കോടതി ഒഴിവാക്കുമെന്ന കാര്യത്തില്‍ നിലേകാനി ഇതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധാര്‍ വിവരങ്ങളുടെ കൈമാറ്റത്തിന് ഇരട്ടസുരക്ഷാ സംവിധാനം പ്രത്യേകം ഏര്‍പ്പെടുത്തിയ യുഐഡിഎഐയുടെ തീരുമാനത്തിനെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു.