തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡലിന്റെ മാനസിക നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ കേഡലിന് ചികിത്സ തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
മാതാപിതാക്കളടക്കം നാലുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേഡൽ മാനസിക രോഗിയാണെന്ന വാദം കേസിന്‍റെ തുടക്കത്തിൽ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ കേഡൽ രോഗം അഭിനയിക്കുകയാണെന്ന് മാനസികരോഗവിദഗ്ദരും പൊലീസും ആദ്യം നിലപാടെടുത്തു. പിന്നീട് ജയിലിൽ വച്ച് അക്രമസ്വഭാവം കാണിച്ചതോടെ കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ കേഡലിന്‍റെ മാനസിക രോഗമുണ്ടെന്ന് ഡോക്ടർമാർ നിലപാടെടുത്തു. പേരൂർക്കട ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കണമെന്നും ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകി.
ഈ റിപ്പോർട്ട് തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. മാനസികരോഗിയാണെന്ന റിപ്പോർട്ട് അംഗീകരിച്ചാൽ കേസ് ദുർബ്ബലമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷന്‍റെ ഈ ആവശ്യം തള്ളിയതിനൊപ്പം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ കേഡലിന് ഇപ്പോൾ നൽകിവരുന്ന ചികിത്സ തുടരാനും നിർദ്ദേശിച്ചു.
