ദില്ലി: അഴിമതി മുക്ത ഇന്ത്യ ലക്ഷ്യമിട്ട് കേന്ദ്രം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മന്ത്രാലയങ്ങളിലേയും വിജിലന്‍സ് വിഭാഗങ്ങള്‍ക്കാണ് നിര്‍ദേശം. 

ജീവനക്കാരുടെ സര്‍വീസ് റെക്കോര്‍ഡ് അനുസരിച്ചാണ് നടപടിയാണ് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഓഗസ്റ്റ് 15നു ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് അഞ്ചിനകം പട്ടിക സമര്‍പ്പിക്കണമെന്ന് കാണിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്കും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു. 

മന്ത്രാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന പട്ടിക സി.ബി.ഐ, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ തുടങ്ങിയവയ്ക്ക് നല്‍കും. ഈ ഏജന്‍സികള്‍ പരാതികള്‍ സൂക്ഷ്മമായി പരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.