ഭോപ്പാല്‍: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് മധ്യപ്രദേശിലേത്. നാലാവട്ടവും അധികാരത്തിലേറാനുള്ള തന്ത്രങ്ങളാണ് ശിവ് രാജ് സിംഗ് ചൗഹാനും ബിജെപിയും പയറ്റുന്നത്. മറുവശത്ത് കോണ്‍ഗ്രസാകട്ടെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആത്മവിശ്വാസത്തിലാണ്. സര്‍വ്വെ ഫലങ്ങളും ബിജെപി-കോണ്‍ഗ്രസ് പോരാട്ടം കനത്തതാകും എന്നാണ് പറയുന്നത്.

മധ്യപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ ഫലം പിന്നാലെയെത്തുന്ന പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന്ഏവര്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്,ബിജെപി ദേശീയ നേതൃത്വങ്ങളും അരയും തലയും മുറുക്കി രംഗത്താണ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ 'ഗോമാതാവ്' വിഷയത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ വരെ ആയുധമാക്കിയാണ് കോണ്‍ഗ്രസിനെതിരായ ആക്രമണം നടത്തിയത്.

മധ്യപ്രദേശ് പ്രകടന പത്രികയിൽ പശുവിനെ പ്രകീര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ കേരളത്തിൽ പശുക്കിടാവിനെ പൊതു നിരത്തിൽ കശാപ്പ് ചെയ്യുകയും ബീഫ് കഴിക്കുകയും ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി ചൂണ്ടികാട്ടി. ശരിയായ കോണ്‍‍‍ഗ്രസ് കേരളത്തിലേതാണോ മധ്യപ്രദേശിലേതാണോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. കപടവാഗ്ദാനങ്ങളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മധ്യപ്രദേശിലെ ചിന്ത് വാഡയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.