മീടൂ ക്യാമ്പെയിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സ്വാമി അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു സ്ത്രീ മാത്രമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത്രയധികം സ്ത്രീകളും വിദേശ മാധ്യമപ്രവര്‍ത്തകയും അക്ബറിനെതിരെ രംഗത്തെത്തിയിട്ടും മോദി മൗനം തുടരുന്നത് പിന്തുണയായി വ്യാഖ്യാനിക്കപ്പെടും

ദില്ലി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. വിഷയത്തില്‍ നരേന്ദ്രമോദി മൗനം തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടികാട്ടിയ സ്വാമി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.

മീടൂ ക്യാമ്പെയിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സ്വാമി അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു സ്ത്രീ മാത്രമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത്രയധികം സ്ത്രീകളും വിദേശ മാധ്യമപ്രവര്‍ത്തകയും അക്ബറിനെതിരെ രംഗത്തെത്തിയിട്ടും മോദി മൗനം തുടരുന്നത് പിന്തുണയായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് തന്നെ മോദി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം.

മോദിക്ക് ഒരു ഫോണ്‍കോളിലൂടെ അക്ബറില്‍ നിന്ന് വിശദീകരണം തേടാം. എന്നാല്‍ ഇതുവരെയും അതുണ്ടായിട്ടില്ലെന്നത് അംഗീകരിക്കാനാകില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍ നടത്തുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.