അഹമ്മദാബാദ്: പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തതതായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറായ നരേന്ദ്ര പട്ടേല്‍ പണം ഉയര്‍ത്തികാട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. ഗുജറാത്തില്‍ ഹര്‍ദ്ദിക് പട്ടേലിന്‍റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ പ്രക്ഷേഭത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് നരേന്ദ്ര പട്ടേല്‍.
ഞാറാഴ്ച്ചയാണ് നരേന്ദ്ര പട്ടേലും ഹര്‍ദ്ദിക് പട്ടേലിന്‍റെ അടുത്ത അനുയായി വരുണ്‍ പട്ടേലും ബിജെപിയില്‍ ചേര്‍ന്നത്. തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് വാഗ്ദാനം ലഭിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക തിങ്കളാഴ്ച്ച ലഭിക്കുമെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.
എന്നാല്‍ റിസര്‍വ്വ് ബാങ്കിലെ മുഴുവന്‍ പണം നല്‍കിയാലും തന്നെ വിലയ്ക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. പട്ടീദാര്‍ സമൂഹം പാര്‍ട്ടിയില്‍ ചേരുന്നതില്‍ അതൃപ്‍തരായ കോണ്‍ഗ്രസ് ആരോപണം അഴിച്ചുവിടുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം. ഡിസംബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകും ഈ ആരോപണം.

