ഇരു വിമാനങ്ങളിലുമായി മലയാളികൾ ഉൾപ്പെടെ 328  യാത്രക്കാരാണ് ഉണ്ടായിരുന്നത്

ബെംഗളൂരു : സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഒഴിവായത് വന്‍ ആകാശദുരന്തം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിക്കും , കോയമ്പത്തൂർ നിന്ന് ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണു ബെംഗളുരു രാജ്യാന്തര വിമാനത്താവളത്തിന് സമീപം മുഖാമുഖം വന്നത്. ടിസിഎഎസ് മുഖേനയുള്ള അവസരോചിത നടപടിയാണ് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായിപ്പോയതില്‍ നിര്‍ണായകമായത്. അപായസൂചന ലഭിച്ചതോടെ പൈലറ്റുമാർ ഉടൻ ദിശമാറ്റുകയായിരുന്നു. 

27,000 അടി ഉയരത്തിൽ നേർക്കുനേർ പറന്ന എയർബസ് എ-320 വിഭാഗത്തില്‍ പെടുന്ന വിമാനങ്ങൾ വെറും 200 അടി ഉയര വ്യത്യാസത്തിലാണു പറന്നുമാറിയത്. ഇവ തമ്മിലുള്ള അകലം എട്ടു കിലോമീറ്ററിൽ താഴെ മാത്രമുള്ളപ്പോഴായിരുന്നു അപകട മുന്നറിയിപ്പ് ലഭിച്ചത്. ആകാശത്ത് ഈ ദൂരം താണ്ടാൻ സെക്കൻഡുകള്‍ മാത്രമാണ് ആവശ്യമായത്. ഇരു വിമാനങ്ങളിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി വിമാനത്തിൽ 166 പേരാണ് ഉണ്ടായിരുന്നത്. ഹൈദരാബാദ് വിമാനത്തിൽ 162 പേരും. 

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്‌ (എഎഐബി) അന്വേഷണം ആരംഭിച്ചു. സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു സംഭവത്തില്‍ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി. മേയ് മാസം സമാനമായ സംഭവം ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ സംഭവിച്ചിരുന്നു. അന്ന് ഇന്‍ഡിഗോ വിമാനം വ്യോമസേനയുടെ വിമാനവുമായി ആയിരുന്നു നേര്‍ക്കുനേര്‍ വന്നത്.