സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് പുറത്തെടുത്ത ശേഷം ഹെലികോപ്റ്ററില്‍ നിന്ന് 100 മീറ്ററോളം അകലേക്ക് മാറ്റി

ഹെലികോപ്റ്ററില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രക്ഷപെട്ടത് തലനാരിഴക്ക്. മുഖ്യമന്ത്രിയെയും കൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന് തൊട്ട് മുന്‍പാണ് ഒരു ബാഗില്‍ നിന്ന് പുക ഉയരുന്നത് സുരക്ഷാ ഉദ്ദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടത്. 

കരിംനഗറില്‍ ഒരു കര്‍ഷക യോഗത്തില്‍ പങ്കെടുത്ത ശേഷം പെടപ്പള്ളിയിലേക്ക് മടങ്ങാനൊരുങ്ങവെയാണ് മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെയും ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് പുറത്തെടുത്ത ശേഷം ഹെലികോപ്റ്ററില്‍ നിന്ന് 100 മീറ്ററോളം അകലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന് മുന്‍പ് തന്നെ പുക കണ്ടെത്തിയത് കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

പുക ഉയരാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ വയര്‍ലെസ് സെറ്റിന്റെ ബാറ്ററിയില്‍ നിന്നാവാം പുക ഉയര്‍ന്നതെന്നാണ് അനുമാനം. അമിതമായി ചൂടായാല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ഔദ്ദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.