നസറുദ്ദീൻ ഷാ നല്ല നടനാണ്. എന്നാൽ ഒരു ചിത്രത്തിൽ അദ്ദേഹം പാക് ചാരനായി അഭിനയിച്ചിട്ടണ്ട്. തനിക്ക് തോന്നുന്നത് അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് ഇപ്പോഴെന്നും പാണ്ഡെ പറഞ്ഞു.
ദില്ലി: ബോളിവുഡ് താരം നസറുദ്ദീൻ ഷാ പാക്കിസ്ഥാൻ ചാരനാണെന്ന് മുതിർന്ന ബിജെപി നേതാവ്. ഉത്തർപ്രദേശിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവ് മഹേന്ദ്രനാഥ് പാണ്ഡെയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. നസറുദ്ദീൻ ഷാ പാക് ചാരനായി ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആ കഥാപാത്രത്തെപോലെ മാറുകയാണെന്നും പാണ്ഡെ ആരോപിച്ചു.
നസറുദ്ദീൻ ഷാ നല്ല നടനാണ്. എന്നാൽ, ഒരു ചിത്രത്തിൽ അദ്ദേഹം പാക് ചാരനായി അഭിനയിച്ചിട്ടണ്ട്. തനിക്ക് തോന്നുന്നത് അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് ഇപ്പോഴെന്നും പാണ്ഡെ പറഞ്ഞു. 1999 ൽ ഇറങ്ങിയ ബോളിവുഡ് ചിത്രം സർഫറോഷ് എന്ന ചിത്രത്തെ ആധാരമാക്കിയാണ് പാണ്ഡെയുടെ പ്രസ്താവന.
ചിത്രത്തിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഏജന്‍റിന്‍റെ കഥാപാത്രത്തെയാണ് ഷാ അവതരിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു നിഴൽ യുദ്ധം ഉണ്ടാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതാണ് ഷായുടെ കഥാപാത്രം. പ്രശംസനീയമായ പ്രകടനമായിരുന്നു ചിത്രത്തിൽ ഷാ കാഴ്ചവച്ചത്.
ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നസറുദ്ദീൻ ഷാ രംഗത്തെത്തിയിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവനേക്കാൾ പശുവിന്റെ ജീവന് വിലകൽപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നായിരുന്നു ഷാ പ്രതികരിച്ചത്. ഈ സാഹചര്യം ഉടൻ മാറുമെന്ന പ്രതീക്ഷയില്ലെന്നും ഇത്തരം സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന തന്റെ കുട്ടികളെക്കുറിച്ചോർത്ത് ഉത്‌കണ്ഠയുണ്ടെന്നും ഷാ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർ സമ്പൂർണ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഷായ്ക്കെതിരെ ഉയർന്നത്. ഇന്ത‌്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രാജ്യം വിട്ട് പോകാൻ നവനിർമ്മാൺ സേന അധ്യക്ഷൻ അമിത് ജാനി ഷായോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പാകിസ്ഥാനിലേക്ക് പോകുന്നതിനായി നസറുദ്ദീൻ ഷായ്ക്ക് ടിക്കറ്റും അമിത് ജാനി ബുക്ക് ചെയ്തിരുന്നു.
