തിരുവനന്തപുരത്ത് വൃദ്ധയെ തെരുവുനായ്‌ക്കള്‍ ആക്രമിച്ചതിന് പിന്നില്‍ മാലിന്യ പ്രശ്നമായിരിയ്‌ക്കാമെന്നും അത് പരിഹരിയ്‌ക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരാണെന്നും മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്രമകാരികളായ തെരുവുനായ്‌ക്കളെ കൊല്ലാനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെയാണ് ദേശീയ മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിരിയ്‌ക്കുന്നത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെത ലംഘനവുമാണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി എം രവികുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒരു പ്രദേശത്തെ നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ വേറൊരിടത്തെ നായ്‌ക്കള്‍ ഈ പ്രദേശത്തേയ്‌ക്ക് ചേക്കേറും. ഇത് വീണ്ടും നാട്ടുകാരെ നായ്‌ക്കള്‍ ആക്രമിയ്‌ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാനിടയാക്കും. തിരുവനന്തപുരത്ത് തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ വൃദ്ധ കൊല്ലപ്പെട്ടതിന് പിന്നിലെ അടിസ്ഥാനകാരണം കണ്ടെത്തണം. ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന തെരുവുനായ്‌ക്കളെ നിയമാനുസൃതമായി മരുന്നുകുത്തി വെച്ച് കൊല്ലാനായിരുന്നു തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണ്‍ നല്‍കിയ കത്തിന് മറുപടിയായി നായ്ക്കളെ കൊല്ലില്ലെന്നും വന്ധ്യംകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.