Asianet News MalayalamAsianet News Malayalam

ഹൃദ്യം പദ്ധതിക്ക് ദേശീയ അവാര്‍ഡ്

  • സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു.
National Award for hridyam Project

തിരുവനന്തപുരം: സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. അവാര്‍ഡ് ഏറ്റുവാങ്ങി.

ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പദ്ധതി എന്ന നിലയിലാണ് കേരളത്തിലെ ഹൃദ്യം പദ്ധതിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആദ്യ പത്ത് സ്ഥാനക്കാരെ തെരഞ്ഞെടുത്ത ശേഷം ഓസ്‌കാര്‍ മാതൃകയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമതെത്തിയത്. വളരെയേറെ കുട്ടികള്‍ക്ക് ആശ്വാസമായ ഹൃദ്യം പദ്ധതിയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ പങ്കുവഹിച്ച ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ഇതുവരെ 320 ഓളം കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിവഴി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞിട്ടുണ്ട്. ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യമായി ചെയ്യാനാകുന്ന പദ്ധതിയാണിത്. ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി വളരെ ആശ്വാസമാണ്. പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. 

അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ഇന്റര്‍നെറ്റ് രജിസ്‌ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് ദേശീയ തലത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ എക്‌സ്പ്രസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് നേരത്തെ ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios