ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലെ പ്രതിസന്ധി ശേഖര്‍ കപൂര്‍ സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ച പരാജയം

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലെ പ്രതിസന്ധിയെ തുടര്‍ന്ന് ശേഖര്‍ കപൂര്‍ സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിവേചനമുണ്ടായാല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് ഭൂരിപക്ഷം താരങ്ങള്‍. യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും ചടങ്ങില്‍ പങ്കെടുക്കും. 

 നിവേദനത്തില്‍ മാത്രമാണ് ഒപ്പുവച്ചതെന്ന് യേശുദാസ് പറഞ്ഞു. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒപ്പു വച്ചതെന്നും യേശുദാസ്. എല്ലാവര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ജയരാജ് അറിയിച്ചു. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചിരുന്നു.

ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്‍പ്പ്. നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

മുഴുവന്‍ പുരസ്‌കാരങ്ങളും വിതരണം ചെയ്യുന്നതിന് രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സ്മൃതി ഇറാനി പുരസ്‌കാര ജേതാക്കളെ അറിയിച്ചത്. പുരസ്‌കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്‌കാര ജേതാക്കളുടെ വിമര്‍ശനം.