ചണ്ഡീഗഡ്: പഞ്ചാബിൽ നിന്നുള്ള ദേശീയ ഹാൻഡ്ബോൾ താരം പൂജ(20) ആത്മഹത്യചെയ്തു.പഞ്ചാബിലെ പാട്യാല ഖൽസ കോളേജിലെ രണ്ടാംവർഷം ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. പഠനച്ചിലവ് താങ്ങാനാകാത്തതും കായികതാരമെന്ന നിലക്കുള്ള സൗജന്യ ഹോസ്റ്റൽ സൗകര്യം നൽകാൻ കോളേജ് അധികൃതർ തയ്യാറാകാത്തതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കോളജിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് പൂജ തൂങ്ങി മരിച്ചത്. ഹോസ്റ്റല്‍ സൗകര്യത്തിനായി പണം നല്‍കാന്‍ തന്നെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് വഴിയില്ലെന്നും അതിനാല്‍ തന്നെപ്പോലുളള നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും പൂജ പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദിവസവും വീട്ടില്‍ നിന്ന് പോയിവരാന്‍ 120 രൂപ ചെലവ് വരുമെന്നതിനാലാണ് പൂജ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പൂജയ്ക്ക് ഓഗസ്റ്റ് 18മുതല്‍ ഹോസ്റ്റലില്‍ സൗജന്യ താമസം നല്‍കിയിരുന്നുവെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. രോഗിയായ പൂജയുടെ പിതാവ് പ്രഭു പച്ചക്കറി വ്യപാരിയാണ്. സർക്കാർ നടത്തുന്ന അഴിമതിയുടെ അവസാന ഇരയാണ് പൂജയെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.